മികച്ച റോഡുകൾ കേരളത്തിൽ: മന്ത്രി
1338296
Monday, September 25, 2023 11:02 PM IST
അന്പലത്തുംകാല: രാജ്യത്താകമാനം ഉള്ള സ്ഥിതി പരിശോധിച്ചാൽ ഉൾപ്രദേശങ്ങളിൽ പോലും നല്ല റോഡുകൾ ഉള്ള സംസ്ഥാനം കേരളമാണെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. അമ്പലത്തുംകാല -ഇരുമ്പനങ്ങാട് -ജെ റ്റി എസ് റോഡ് നിർമാണ ഉദ്ഘാടനം നടത്തി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നാഷണൽ ഹൈവേകളുമായി ചേർന്ന് വരുന്ന സംസ്ഥാനപാതകളുടെ വികസനം സംസ്ഥാനത്താകമാനം യാത്രാസംവിധാനങ്ങൾ മെച്ചപ്പെടുന്നതിനുള്ള സാഹചര്യം ഒരുക്കും. റോഡുകൾ മാത്രമല്ല മറ്റെല്ലാ മേഖലകളിലും സർക്കാർ മുമ്പെങ്ങുമില്ലാത്ത പുരോഗതി ഉറപ്പാക്കുകയാണ്.
കൊട്ടാരക്കര ഐ എച്ച് ആർ ഡികോളജിൽ തുടങ്ങിയ അഞ്ചു ഡിഗ്രി കോഴ്സുകളും പ്രദേശത്ത് തുടങ്ങാൻ പോകുന്ന നഴ്സിംഗ് കോളജും പുതുതലമുറയ്ക്ക് തൊഴിലടിഷ്ഠിതവിദ്യാഭ്യാസത്തിന് മുതൽക്കൂട്ടാകും.
സമസ്തമേഖലകളിലും സമ്പൂർണവികസനവും ജനങ്ങൾക്ക് മെച്ചപ്പെട്ട ജീവിതനിലവാരം ഉറപ്പാക്കുകയുമാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യം. ജോലിചെയ്യാൻ സ്ഥാപനങ്ങളും കൃഷി ചെയ്യാൻ സ്ഥലവും ഉണ്ടാകുക എന്നത് യഥാർഥ്യമാക്കുന്നു.
കൊട്ടാരക്കരയിൽ 50 പേർക്ക് ജോലിചെയ്യാവുന്ന ഐ ടി പാർക്കും കൃഷിക്കായി അഗ്രി വില്ലേജും വരുന്നത് ഈ പശ്ചാത്തലത്തിലാണ്.
എഴുകോൺ ഗ്രാമപഞ്ചായത് പ്രസിഡന്റ് ബിജു എബ്രഹാം അധ്യക്ഷനായി. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.അഭിലാഷ്, തദ്ദേശ സ്വയംഭരണസ്ഥാപന പ്രതിനിധികൾ, രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.