സിപിഎം പുനലൂർ ഏരിയ കാൽനട ജാഥയ്ക്ക് തുടക്കമായി
1338294
Monday, September 25, 2023 11:02 PM IST
പുനലൂർ: സിപിഎം പുനലൂർ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന കാൽനട പ്രചാരണ ജാഥയ്ക്ക് ആര്യങ്കാവിൽ തുടക്കമായി. ആര്യങ്കാവിൽ ജില്ലാ സെക്രട്ടറി എസ് സുദേവൻ ഉദ്ഘാടനം ചെയ്തു.ഏരിയ സെക്രട്ടറി എസ് ബിജു ക്യാപ്റ്റനും, ഏരിയ കമ്മറ്റിയംഗമായ ടി ചന്ദ്രാനന്ദൻ വൈസ് ക്യാപ്റ്റനും, ഏ ആർ കുഞ്ഞുമോൻ മാനേജരുമായിട്ടുള്ള ജാഥ പുനലൂർ ഏരിയയിലെ 11ലോക്കൽ കമ്മറ്റികളിലേയും വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ പ്രയാണം നടത്തും.
ജാഥ ആര്യങ്കാവ്, കഴുതുരുട്ടി ലോക്കൽ കമ്മറ്റികളിലെ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി. തുടർന്ന് ഇന്ന് തെന്മല, ഇടമൺ ലോക്കൽ കമ്മറ്റികളിലും സ്വീകരണ പരിപാടിയിൽ പങ്കെടുത്തു. ഇന്ന് പുനലൂർ നഗരസഭയിലെ പുനലൂർ നോർത്ത്, പുനലൂർ ഇസ്റ്റ് ലോക്കൽ കമ്മറ്റികളിലെ സ്വീകരണം ഏറ്റുവാങ്ങി ടി ബി ജംഗ്ഷനിൽ ചേരുന്ന സമാപന യോഗം ജില്ലാ സെക്രട്ടറിയേറ്റംഗം ജോർജ് മാത്യു ഉദ്ഘാടനം ചെയ്യും.
നാളെ പുനലൂർ വെസ്റ്റ്, ചെമ്മന്തൂർ, പുനലൂർ സൗത്ത് ലോക്കൽ കമ്മറ്റികളിലെ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ പ്രയാണം നടത്തും. ഇടക്കുന്നിൽ ചേരുന്ന സമാപന യോഗം ജില്ലാ കമ്മറ്റിയംഗം എം.എ രാജഗോപാൽ ഉദ്ഘാടനം ചെയ്യും. 28 ന് കരവാളൂർ പഞ്ചായത്തിലെ കരവാളൂർ ഈസ്റ്റ്, കരവാളൂർ വെസ്റ്റ് ലോക്കൽ കമ്മറ്റികളിൽ സ്വീകരണം ഏറ്റുവാങ്ങും. തുടർന്ന് വെഞ്ചേമ്പ് ജംഗഷനിൽ ചേരുന്ന സമാപന സമ്മേളനം സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ് ജയമോഹൻ ഉദ്ഘാടനം ചെയ്യും.