സർക്കാരിന്റെ മുൻഗണന വിദ്യാഭ്യാസ മേഖലയിൽ: മന്ത്രി ബാലഗോപാൽ
1300894
Wednesday, June 7, 2023 11:45 PM IST
കൊല്ലം: സർക്കാർ ഏറ്റവും മുൻഗണന നൽകുന്നത് വിദ്യാഭ്യാസ മേഖലയിലാണെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. കുന്നത്തൂർ പഞ്ചായത്ത് ഐവർകാല സർക്കാർ എൽ പി സ്കൂളിൽ പുതിയതായി നിർമിച്ച ബഹുനില മന്ദിരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ എല്ലാ സ്കൂളുകളും ഉന്നത നിലവാരത്തിലാണ് പ്രവർത്തിക്കുന്നത്. ലാബുകൾ ഉൾപ്പടെയുള്ള ആധുനികമായ സൗകര്യങ്ങൾ ലഭിക്കുന്നുണ്ട്. അർഹതയുള്ള പണം ലഭിച്ചില്ലെങ്കിലും കേരളത്തിൽ വികസനത്തിന് കുറവ് ഉണ്ടായിട്ടില്ല. സാമൂഹ്യ പെൻഷൻ കൃത്യമായി കൊടുക്കുന്ന മറ്റൊരു സംസ്ഥാനം രാജ്യത്തില്ല.
ഇത്രയേറെ നിർമാണ പ്രവർത്തങ്ങൾ നടന്ന സമയം ഉണ്ടായിട്ടില്ല. രണ്ട് വർഷത്തിൽ കിഫ്ബി വഴി 16000 കോടി ചെലവഴിച്ചു. സാധാരണക്കാരന്റെ ജീവിതം മെച്ചപ്പെടുത്തുന്ന രീതിയിൽ സർക്കാർ തുടർന്നും മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു. സർക്കാർ പ്ലാൻ ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചെലവഴിച്ചാണ് എട്ട് ക്ലാസ് മുറികളുള്ള കെട്ടിടം പൂർത്തിയാക്കിയത്.
കോവൂർ കുഞ്ഞുമോൻ എം എൽ എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസർ ഷാഫി, വൈസ് പ്രസിഡന്റ് പി ഗീതാകുമാരി, കുന്നത്തൂർ പഞ്ചായത്ത് പ്രസിഡന്റ് കെ വത്സലകുമാരി, വൈസ് പ്രസിഡന്റ് ബിനേഷ് കടമ്പാട്, സ്ഥിരംസമിതി അധ്യക്ഷരായ റ്റി ശ്രീലേഖ, ഷീജാ രാധാകൃഷ്ണൻ, ഡാനിയൽ തരകൻ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി എസ് സുജാകുമാരി, പ്രഥമാധ്യാപിക എൻ ആർ ശ്രീദേവി, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ എൻ ഷാജി, എസ്എംസി ചെയർമാൻ കെ എം മനോജ് തുടങ്ങിയവർ പ്രസംഗിച്ചു.