സ്കൂളുകളിൽ യോഗ പരിശീലനത്തിന് പ്രോത്സാഹനം നൽകും: മന്ത്രി ചിഞ്ചുറാണി
1300893
Wednesday, June 7, 2023 11:45 PM IST
കൊല്ലം: സ്കൂളുകളിൽ യോഗ ഉൾപ്പെടെയുള്ള വ്യായാമ ക്ലാസുകൾക്ക് പ്രോത്സഹനം നൽകുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചു വരുന്നതെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. സ്റ്റേറ്റ് കൗൺസിൽ ഫോർ ഓപ്പൺ ആന്റ് ലൈഫ് ലോങ് എഡ്യൂക്കേഷൻ കേരള (സ്കോൾ -കേരള ) ആരംഭിക്കുന്ന ഒരു വർഷ ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആന്റ് സ്പോർട്സ് യോഗ കോഴ്സിന്റെ ജില്ലാതല ഉദ്ഘാടനം അഞ്ചാലുംമൂട് സർക്കാർ ഹയർ സെക്കനൻഡറി സ്കൂളിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ആരോഗ്യമുള്ള പുതു തലമുറയെ വാർത്തെടുക്കാൻ ചിട്ടയായ വ്യായാമശീലം അനിമാര്യമാണ്. വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോഗം ഉന്മൂലനം ചെയ്യാൻ യോഗ പോലുള്ള വ്യായാമമുറകളിലൂടെ സാധിക്കും. സ്കൂളുകളിൽ യോഗയുടെ സർട്ടിഫിക്കറ്റ് കോഴ്സുകൾ ആരംഭിക്കുന്നതിന്റെ സാധ്യതകൾ പരിശോധിച്ചുവരികയാണെന്നും വിദ്യാർഥികൾക്കായി സ്കൂളുകളിൽ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ മിൽമ പാർലറുകൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
കോർപറേഷൻ കൗൺസിലർ എസ് സ്വർണമ്മ അധ്യക്ഷയായി. അഞ്ചാലമൂട് ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപകൻ ഡി ശ്രീകുമാർ, സ്കോൾ കേരള വൈസ് ചെയർമാൻ പി പ്രമോദ്, യോഗ അസോസിയേഷൻ ജില്ലാ സെക്രട്ടറി ബി ചന്ദ്രസേനൻ, അഞ്ചാലമൂട് ഹയർസെക്കൻഡറി സ്കൂൾ പി ടി എ പ്രസിഡന്റ് അനിൽ കുമാർ, അധ്യാപിക വി അംബിക, സ്കോൾ-കേരള അക്കാഡമിക് അസോസിയേറ്റ് പി ലത, ജില്ലാ സ്കോൾ-കേരള അംഗം എ കെ അനീബ് തുടങ്ങിയവർ പങ്കെടുത്തു.