മോഷണക്കേസ് പ്രതി ജീപ്പിൽ നിന്നും ഇറങ്ങിയോടി; മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ
1300608
Tuesday, June 6, 2023 10:53 PM IST
കൊല്ലം: പിടിയിലായ മോഷണക്കേസ് പ്രതി പോലീസ് ജീപ്പിൽ നിന്നും ഇറങ്ങിയോടി. മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടി കിഴക്കേകല്ലട പോലീസ്.
ബൈക്ക് മോഷണ കേസിലെ പ്രതിയായ കൊടുവിള സ്വദേശി ജോമോനാണ് പോലീസ് ജീപ്പിൽ നിന്നും ഇറങ്ങി ഓടിയത്. കഴിഞ്ഞദിവസം രാത്രിയിൽ മുട്ടം സ്വദേശി ആൽഫിന്റെ വില കൂടിയ ഇരുചക്രവാഹനം ജോമോൻ മോഷ്ടിച്ചു കടന്നു. എന്നാൽ വാഹനത്തിൽ ഇന്ധനമില്ലാത്തതിനാൽ ഇരുചക്രവാഹനം ചിറ്റുമല ഓണമ്പലത്തിന് സമീപം ഉപേക്ഷിച്ചു.
ഇരുചക്ര വാഹനം മോഷണം പോയെന്ന ആൽഫിന്റെ പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ജോമോനെ കുണ്ടറ താലൂക്ക് ആശുപത്രി പരിസരത്ത് നിന്ന് പിടികൂടുകയായിരുന്നു. തുടർന്ന് കിഴക്കേകല്ലട പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുംവഴിയാണ് ജീപ്പിൽ നിന്നും പ്രതി ഇറങ്ങി ഓടിയത്. പിന്നീട് പോലീസ് നടത്തിയ പരിശോധനയിൽ മണിക്കൂറുകൾക്കുള്ളിൽ, മുട്ടം കായൽവാരത്തുള്ള ബന്ധുവീട്ടിൽ നിന്നും പ്രതിയെ പിടികൂടി.
നിരവധി കേസിലെ പ്രതിയാണ് ജോമോൻ. ഇയാൾ മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന പരാതിയും കിഴക്കേ പോലീസ് സ്റ്റേഷനിൽ ലഭിച്ചിട്ടുണ്ട്.
ജീപ്പിൽ നിന്നും ഇറങ്ങിയോടിയ ഇയാളെ പിടിക്കാൻ ശ്രമിച്ച കിഴക്കേകല്ലട എസ് ഐ ഷാജഹാന് സാരമായി പരിക്കേറ്റു.