ചിറക്കര പഞ്ചായത്തിലെ അഴിമതി; ബിജെപി ധർണ നാളെ
1299871
Sunday, June 4, 2023 6:52 AM IST
ചാത്തന്നൂർ: ഇടതുമുന്നണി ഭരിക്കുന്ന ചിറക്കര ഗ്രാമപഞ്ചായത്തിലെ കാലിത്തൊഴുത്ത് കുംഭകോണത്തിനും കിണർ, ഭവന നിർമാണത്തിലെ സ്വജനപക്ഷപാതത്തിലും അഴിമതിയിലും ഉത്തരവാദികളായ ഉന്നതർക്കെതിരെ നടപടി എടുക്കണമെന്ന് ബിജെപി. ഈ ആവശ്യം ഉന്നയിച്ച് നാളെ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തും. അഴിമതി നടന്നു എന്ന പരാതിയിൽ വിജിലൻസ് അന്വേഷണം നടത്തുകയും പരാതിക്ക് കഴമ്പുണ്ടന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.
കേസിന് ആസ്പദമായ രേഖകൾ നശിപ്പിയ്ക്കപ്പെടാനോ തിരിമറികൾ നടത്താനോ സാധ്യതയുണ്ടന്നും ആരോപണ വിധേയരായവരിൽ സർക്കാരിന്റെ ശുപാർശയിന്മേൽ രണ്ട് താത്ക്കാലിക ജീവനക്കാരെ പിരിച്ച് വിട്ട് മുഖം രക്ഷിയ്ക്കാനുള്ള ശ്രമമാണ് ഭരണ സമിതി നടത്തുന്നത്.
ഭരണപക്ഷത്തിന്റെ ജനദ്രോഹ നിലപാടുകൾക്ക് കണ്ണുകളടച്ച് മൗനാനുവാദം നൽകുകയും ആരോപണ വിധേയരായവരെ സംരക്ഷിച്ച് പോരുകയും ചെയ്യുന്ന. പ്രധാന പ്രതിപക്ഷമായ കോൺഗ്രസിന്റെ ഇരട്ടത്താപ്പ് ജനത്തിന് മുന്നിൽ തുറന്ന് കാട്ടുമെന്നും ബിജെപി.
യഥാർഥ പ്രതികളായ വെറ്ററിനറി സർജൻ, പഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്ത് പ്രസിഡന്റ്, അസി. സെക്രട്ടറി, ആരോപണം നേരിടുന്ന വാർഡിലെ മെമ്പർ തുടങ്ങി കുറ്റക്കാർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്നും, നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടാണ് സമരം. രാവിലെ 10 ന് ആണ് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിക്കുന്നത്.