ലത്തീൻ രൂപതകളിൽ നാളെ മണിപ്പൂർ ഐക്യദാർഢ്യ ദിനം ആചരിക്കും
1299533
Friday, June 2, 2023 11:27 PM IST
കൊല്ലം: മണിപ്പൂരിൽ ഗോത്ര വർഗ പ്രക്ഷോഭങ്ങളുടെ മറവിൽ ആസൂത്രിതമായി ക്രൈസ്തവർക്കെതിരെയും ക്രിസ്തീയ ആരാധനാലയങ്ങൾക്കും സ്ഥാപനങ്ങൾക്കുമെതിരെയും നടക്കുന്ന സംഘടിത ആക്രമണങ്ങൾ അവസാനിപ്പിക്കുവാനുള്ള നടപടി എടുക്കുക, മണിപ്പൂരിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ പരാജയപെട്ട കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ പ്രതിഷേധിക്കുക, മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നാളെ സംസ്ഥാനത്തെ 12 ലത്തീൻ രൂപതകളിലും മണിപ്പൂർ ഐക്യദാർഢ്യ ദിനം ആചരിക്കും.
ദിവ്യബലിയ്ക്കു ശേഷം കൊല്ലം രൂപതയിലെ കെഎൽസിഎ യൂണിറ്റുകളുടെ നേതൃത്വത്തിൽ വിവിധ പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കുന്നുമെന്നു കൊല്ലം രൂപതാ കമ്മിറ്റി അറിയിച്ചു.
രൂപത പ്രസിഡന്റ് ലെസ്റ്റർ കാർഡോസ് അധ്യക്ഷനായ യോഗത്തിൽ അനിൽജോൺ, ജാക്സൺ നീണ്ടകര, ലക്റ്റീഷ്യ, ഫാ.ജോർജ് സെബാസ്റ്റ്യൻ, ജോസഫ് കുട്ടി, വിൻസി ബൈജു, ഡൊമനിക്, എഡിസൺ, ആൻഡ്രൂസ് സിൽവ, ഷിജോ, റോണറിബേറോ, കിരൺ ക്രിസ്റ്റഫർ, അജിത ഷാജി എന്നിവർ പ്രസംഗിച്ചു.