കേന്ദ്രസർക്കാർ രാജ്യത്തിന്റെ സമ്പത്ത് കോർപറേറ്റുകൾക്ക് കൈമാറുന്നു: എളമരം കരീം
1298717
Wednesday, May 31, 2023 3:55 AM IST
കരുനാഗപ്പള്ളി : വർഗീയ താല്പര്യമുള്ള വിഷയങ്ങൾ ഉയർത്തിയും വംശീയതയും കലാപങ്ങളും മറയാക്കിയും രാജ്യത്തിന്റെ സമ്പത്തുകളെല്ലാം കോർപറേറ്റുകൾക്ക് കൈമാറുകയാണ് കേന്ദ്രസർക്കാരെന്ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി പറഞ്ഞു.
എൽഡിഎഫ് സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി എൽഡിഎഫ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞും പൗരത്വ ഭേദഗതി പോലെയുള്ള വിഷയങ്ങൾ ഉയർത്തിയും ജനങ്ങളെ ആശങ്കയിലാഴ്ത്തി . ഇതിന്റെ മറവിൽ പൊതുമേഖല സ്ഥാപനങ്ങളും കടൽത്തീരവും വനസമ്പത്തുമെല്ലാം കോർപറേറ്റുകൾക്ക് കൈമാറുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്.
മണിപ്പൂരിൽ ക്രിസ്തുമത വിശ്വാസികളായ നാല്പതിലധികം കുക്കി വിഭാഗത്തിൽപ്പെട്ടവരെ വെടിവെച്ചുകൊന്ന സംഭവം റബറിന് വില കിട്ടിയാൽ ബിജെപിക്കൊപ്പം നിൽക്കാം എന്ന് പറയുന്ന കേരളത്തിലെ പുരോഹിതന്മാർ കാണുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. പൊതുവിദ്യാഭ്യാസ രംഗത്ത് കേരളത്തിലുണ്ടായ മികച്ച മാറ്റത്തിന്റെ പ്രതിഫലനമായി അൺ എയ്ഡഡ് മേഖലയിൽ നിന്നും നാലര ലക്ഷത്തോളം കുട്ടികളാണ് പൊതു വിദ്യാലയങ്ങളിലേക്ക് കടന്നുവന്നത്. യുഡിഎഫ് സർക്കാർ ഉപേക്ഷിച്ച ഗെയിൽ പൈപ്പ് ലൈൻ, ദേശീയപാത വികസനം എന്നിവ യാഥാർഥ്യമാക്കിയും കേരളത്തെ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമാക്കുവാൻ കെ- ഫോൺ പദ്ധതി നടപ്പാക്കിയും പൊതുവിതരണ രംഗത്തും ആരോഗ്യ രംഗത്തും രാജ്യത്തിന് തന്നെ മാതൃകയായ വികസന മുന്നേറ്റങ്ങൾ സൃഷ്ടിച്ചു കേരളത്തിലെ സർക്കാർ മുന്നേറുകയാണ്. ഒരു മതേതര രാജ്യമായ ഇന്ത്യയെ മതാധിഷ്ഠിത രാജ്യമാക്കി മാറ്റുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം പുതിയ പാർലമെന്റ് മണ്ഡല ഉദ്ഘാടന ചടങ്ങിൽ കണ്ടെതെന്നും ഇത് ആശങ്ക ഉണർത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കരുനാഗപ്പള്ളി ടൗൺ ക്ലബിൽ നടന്ന യോഗത്തിൽ സിപിഎം മണ്ഡലം സെക്രട്ടറി പി കെ ബാലചന്ദ്രൻ അധ്യക്ഷനായി. മന്ത്രി ജെ ചിഞ്ചുറാണി, എ എം ആരിഫ് എംപി, സൂസൻകോടി, സി രാധാമണി, പി ആർ വസന്തൻ, പി കെ ജയപ്രകാശ്, പി ബി സത്യദേവൻ, ഐ ഷിഹാബ്, കൃഷ്ണകുമാർ, കടത്തൂർ മൻസൂർ, സി കെ ഗോപി, കമറുദീൻ മുസലിയാർ, ഫിലിപ്പോസ്, നൂറുദീൻ, ഷിഹാബ് എസ് പൈനുംമൂട്, എൽഡിഎഫ് കൺവീനർ ആർ സോമൻപിള്ള സദാനന്ദൻ കരിമ്പാലിൽ തുടങ്ങിയവർ പങ്കെടുത്തു.
ലാലാജി ജംഗ്ഷൻ, പുള്ളിമാൻ ജംഗ്ഷൻ എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ച് വിവിധ എൽഡിഎഫ് കമ്മിറ്റികളുടെ ബാനറിൻകീഴിൽ പ്രകടനമായാണ് പ്രവർത്തകർ ടൗൺ ക്ലബിലേക്ക് എത്തിച്ചേർന്നത്.