മയക്കുമരുന്നിന്റേയും മദ്യത്തിന്റേയും വിളനിലമായി കേരളം മാറി
1298112
Sunday, May 28, 2023 11:45 PM IST
പാരിപ്പളളി : മയക്കുമരുന്നിന്റേയും മദ്യത്തിന്റേയും വിളനിലമായി കേരളം മാറിയതിന്റെ പരിണിത ഫലമാണ് ഡോ. വന്ദനാദാസിന്റെ പൈശാചിക കൊലപാതകത്തിന് വഴിയൊരുക്കിയതെന്നും പോലീസിന്റെ ഭാഗത്തുനിന്നുള്ള വീഴ്ച അന്വേഷിക്കണമെന്നും എ ഐസിസി മുൻ സെക്രട്ടറിയും കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗവുമായ ഷാനിമോൾ ഉസ്മാൻ അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് ആരോഗ്യവകുപ്പ് കുത്തഴിഞ്ഞ നിലയിലായ തായും അവർ ആരോപിച്ചു.
സംസ്കാര സാഹിതി ചാത്തന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജ് പടിക്കൽ സംഘടിപ്പിച്ച ഡോ: വന്ദനാദാസിന്റെ പതിനാറാംചരമദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അമ്മമനസ് കൂട്ടായ്മയുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അവർ. നിയോജക മണ്ഡലം പ്രസിഡന്റ് കരിമ്പാലൂർ മണിലാൽ അധ്യക്ഷനായി.
കെപിസിസി അംഗം നെടുങ്ങോലം രഘു, സംസ്കാര സാഹിതി ജില്ലാ ചെയർമാൻ എബി പാപ്പച്ചൻ, ജില്ലാ കൺവീനർ എസ്.എം ഇക്ബാൽ, പരവൂർ നഗരസഭ ചെയർപേഴ്സൺ പി.ശ്രീജ, കെപിസിസി നിർവാഹക സമിതി മുൻ അംഗം എൻ.ജയചന്ദ്രൻ, പരവൂർ നഗരസഭ കൗൺസിലർമാരായ ആർ.എസ് സുധീർ കുമാർ, എസ്.ഗീത, വിമലാംബിക, ഖദീജ, എസ്.ഗീത പരവൂർ നഗരസഭ മുൻ ചെയർമാൻ സുധീർ ചെല്ലപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.
നെല്ലികുന്നം സുലോചന, കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ശാന്തിനി, ആർ.ഡി ലാൽ, ഉഷാകുമാരി, യൂത്ത് കോൺ ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രാഹുൽ സുന്ദരേശൻ, ശശിധരൻ കോട്ടയ്ക്കേറം എന്നിവർ നേതൃത്വം നൽകി.