നെല്ലിപ്പള്ളി തിരുഹൃദയ ദേവാലയത്തിൽ തിരുനാൾ പ്രദക്ഷിണം ഇന്ന്
1297572
Friday, May 26, 2023 11:25 PM IST
പുനലൂർ: നെല്ലിപ്പള്ളി തിരുഹൃദയ ദേവാലയത്തിൽ തിരുനാൾ പ്രദക്ഷിണം ഇന്ന് നടക്കും. വൈകുന്നേരം 6.30ന് നെല്ലിപ്പള്ളി തിരുഹൃദയ ദേവാലയത്തിൽ നിന്ന് ആരംഭിക്കുന്ന പ്രദക്ഷിണം ടിബി ജംഗ്ഷനിലെത്തി തിരികെ നെല്ലിപ്പള്ളി ദേവാലയത്തിൽ സമാപിക്കും.
പ്രദക്ഷിണവീഥികൾ ദീപാലങ്കാരങ്ങളാൽ ആകർഷകമാക്കിയിട്ടുണ്ട്. ചെണ്ടമേളം, ബാൻഡ്മേളം എന്നിവയുടെ അകമ്പടിയോടെയാണ് പ്രദക്ഷിണം. വർണപ്രഭയിൽ പ്രശോഭിതമായാണ് വിവിധ രൂപങ്ങൾ പ്രദക്ഷിണത്തിനായി ഒരുക്കിയിട്ടുള്ളത്. ഇടവകയിലെ 140 കുടുംബങ്ങളിൽ നിന്നും സമീപ ഇടവകകളിൽ നിന്നും നൂറുകണക്കിന് വിശ്വാസികൾ പ്രദക്ഷിണത്തിൽ പങ്കെടുക്കും.
നാളെ പ്രധാന തിരുനാൾ ദിനത്തിൽ തിരുഹൃദയ കുമ്പിൾ നേർച്ച സമർപ്പണം, 9.45 ന് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ.ജസ്റ്റിൻ കായംകുളത്തുശേരി മുഖ്യകാർമികത്വം വഹിക്കും. ആദ്യ കുർബാന സ്വീകരണം, തുടർന്ന് നെല്ലിപ്പള്ളി കുരിശടിയിലേയ്ക്ക് പ്രദക്ഷിണം, ഉച്ചയ്ക്ക് 12.30ന് കൊടിയിറക്ക്, സ്നേഹവിരുന്ന് എന്നിവയും നടക്കും.
29 ന് രാവിലെ 6.45 ന് സെമിത്തേരി ചാപ്പലിൽ മരിച്ചവർക്കു വേണ്ടിയുള്ള വിശുദ്ധ കുർബാനയ്ക്ക് ഇടവക വികാരി ഫാ.ജോസിൻ കൊച്ചുപറമ്പിൽ മുഖ്യ കാർമികത്വം വഹിക്കും.
ഇടവക വികാരി ഫാ.ജോസിൻ കൊച്ചുപറമ്പിൽ, കൈക്കാരന്മാരായ ജോസി കടന്തോട്, തോമസ്കുട്ടി കിഴക്കേപ്പുറം, ജനറൽ കൺവീനർ മനോജ് മുടയൻചിറ, കൺവീനർ വർഗീസ് ചരുവിള പുത്തൻവീട്, ട്രഷറർ ജോസഫ് ആലുങ്കൽ, പബ്ലിസിറ്റി കൺവീനർ ടോണി കോയിത്ര എന്നിവർ തിരുനാളിന് നേതൃത്വം നൽകും.