കർഷകന്റെ ഭാര്യയെയും മകളെയും ജയിലിൽ അടച്ചത് മനുഷ്യാവകാശ ലംഘനം: കേരളാ കോൺഗ്രസ് എം
1297556
Friday, May 26, 2023 11:24 PM IST
കൊല്ലം: കേരളാ കോൺഗ്രസ് -എം ചെയർമാൻ ജോസ് കെ.മാണിയുടെ നിർദേശമനുസരിച്ചുള്ള പാർട്ടി പ്രതിനിധി സംഘം കടശേരിയിൽ ആന ചരിഞ്ഞ സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ക്ഷീര കർഷകൻ ശിവദാസന്റെ ഭവനം സന്ദർശിച്ചു.
കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി കടശേരി നിവാസികൾക്ക് പാൽ നല്കുന്ന ക്ഷീര കർഷകനാണ് ശിവദാസൻ. ശിവദാസന്റെ പുരയിടത്തിൽ വച്ചാണ് കമ്പിവേലിയിൽ നിന്നുള്ള ഷോക്കേറ്റ് ആന ചരിഞ്ഞത്. ഇതുമായി ബന്ധപ്പെട്ട വനംവകുപ്പ് കേസെടുക്കുമെന്ന് ബോധ്യമായപ്പോൾ ശിവദാസൻ ഒളിവിൽ പോയിരുന്നു. ശിവദാസനെ കണ്ടെത്താനാകാതെ വന്നപ്പോൾ വനം വകുപ്പ് ഭാര്യയെയും സർക്കാർ ഉദ്യോഗസ്ഥയായ മകളെയും അറസ്റ്റ് ചെയ്തു അട്ടക്കുളങ്ങര ജയിലിൽ അടച്ച നടപടി അങ്ങേയറ്റവും പ്രതിഷേധാർഹം ആണ്. വനാതിർത്തി പങ്കിടുന്ന ജനവാസ മേഖലയിലെ കർഷക കുടുംബങ്ങളോട് വനംവകുപ്പ് പുലർത്തുന്ന ശത്രുതാപരമായ നടപടികളുടെ ഒടുവിലത്തെ ഉദാഹരണമാണിത്. ഇതിനെതിരെ വലിയ ജനരോഷമാണ് പ്രദേശത്തുള്ളത് .
ക്ഷീര കർഷകനായ ശിവദാസനും ഭാര്യയും സംരക്ഷിച്ചിരുന്ന 14 ഓളം കന്നുകാലികളും കൂടാതെ എരുമകളുമടക്കമുള്ള മിണ്ടാപ്രാണികൾ ജലപാനം പോലുമില്ലാതെ അഞ്ചു ദിവസമായി രണ്ട് വലിയ തൊഴുത്തുകളിൽ കെട്ടിയിട്ട നിലയിലാണവിടെ. ചെറിയ കന്നുകുട്ടികൾ ദേഹമാസകലം ചാണകം മലീന ജലവുമായി കിടക്കുകയാണ്. കുടുംബനാഥയെയും മൊഴിയെടുക്കാനാണെന്ന് പറഞ്ഞ് വിളിച്ചു വരുത്തി സർക്കാർ ഉദ്യോഗസ്ഥയായ മകളെയും അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്ത സംഭവം തികഞ്ഞ മനുഷ്യാവകാശ ലംഘനമാണെന്ന് പ്രതിനിധി സംഘം വിലയിരുത്തി.
കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണമെന്നാണ് കേരള കോൺഗ്രസ് എം പാർട്ടിയുടെ അഭിപ്രായം. പക്ഷേ പ്രതിസ്ഥാനത്തുള്ളവരുടെ വീടുകളിലെ സ്ത്രീകളെ കള്ളക്കേസടുത്ത് ജയിലിൽ അടയ്ക്കുന്നത് വനംവകുപ്പ് അവസാനിപ്പിക്കണം. 1972 ലെ വന്യജീവി സംരക്ഷണ നിയമം പ്രയോഗിച്ച് റവന്യൂ ഭൂമിയിൽ താമസിക്കുന്ന കർഷകരെ ദ്രോഹിക്കുകയാണ് വനം വകുപ്പ് ഈ പ്രദേശത്ത് സ്ഥിരമായി ചെയ്തുകൊണ്ടിരിക്കുന്നതെന്നും സംഘം ആരോപിച്ചു.
കാട്ടാനകളുടെ ദേഹത്ത് ലൈൻ കമ്പി സ്പർശിക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രദേശത്തെ വീടുകളിലെ മുഴുവൻ വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ നിർദേശിച്ച വനം വകുപ്പിന്റെ നടപടി ഇതിന് തെളിവാണെന്നും സംഘം ചൂണ്ടിക്കാട്ടി. പ്രദേശവാസികളിൽ നിന്നും ശേഖരിച്ച് വിവരങ്ങളടങ്ങിയ റിപ്പോർട്ട് പാർട്ടി ചെയർമാൻ ജോസ് കെ മാണിക്ക് സംഘം കൈമാറും.
കേരള കോൺഗ്രസ് -എം ഉന്നതാധികാരസമിതിയംഗം ബെന്നി കക്കാട്, മാലേത്ത് പ്രതാപചന്ദ്രൻ, യൂത്ത് ഫ്രണ്ട് -എം സംസ്ഥാന ജനറൽ സെക്രട്ടറി ബിറ്റു വൃന്ദാവൻ, ജില്ലാ ജനറൽ സെക്രട്ടി സജി ജോൺ കുറ്റിയിൽ, പത്തനാപുരം നിയോജകമണ്ഡലം പ്രസിഡന്റ് മാങ്കോട് ഷാജഹാൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.എം. റെക്സോൺ, മുഹമ്മദ് കാസിം, പി .വി . ബഷീർ, ഉണ്ണികൃഷ്ണൻ എന്നിവരടങ്ങിയ പാർട്ടി സംഘമാണ് ചെളിക്കുഴി വനമേഖലയിലെ ജനവാസ പ്രദേശങ്ങൾ സന്ദർശിച്ചത്.