കുടുംബകോടതിയോട് അനുബന്ധിച്ച് വിവിധ ഉദ്ഘാടനം നടന്നു
1282971
Friday, March 31, 2023 11:23 PM IST
ചവറ: കുടുംബ കോടതിയോട് അനുബന്ധിച്ചുള്ള കുട്ടികളുടെ സൗഹൃദ ഹാൾ, നവീകരിച്ച ബാർ അസോസിയേഷൻ ഹാൾ, ഇ ലൈബ്രറി ആന്റ് ഇ ഫയലിംഗ് എന്നിവയുടെ ഉദ്ഘാടനം നടന്നു.
കുടുംബകോടതിയിൽ വർധിച്ചു വരുന്ന കേസുകളുടെ ഫയലിംഗും വ്യവഹാരങ്ങളും തീർപ്പ് കൽപ്പിക്കുന്നതിന് വേണ്ട പശ്ചാത്തല സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് വികസനങ്ങൾ നടപ്പിലായത്. കുടുംബ കോടതിയിൽ എത്തുന്ന കക്ഷികളുടെ കുട്ടികളുടെ സംരക്ഷണത്തിനും കരുതലിനും കുട്ടികളുടെ മാനസിക സംഘർഷം ഒഴിവാക്കി സാമൂഹിക സുരക്ഷിതത്വം കൈവരിക്കുന്നതിനായിട്ടാണ് കുട്ടികളുടെ സൗഹൃദ ഹാൾ.
കോടതി നടപടികൾ കാലാനുസൃതമായി ലളിതമാക്കി കക്ഷികൾക്കും അഭിഭാഷകർക്കും ലഭ്യമാക്കുന്നതിനും ഇ ഫയലിംഗും കോടതി റൂളിംഗുകളും സേവനങ്ങളും സംജാതമാക്കുന്നതിലേക്ക് സർക്കാർ നൂതനമായി നിർമിച്ച് നൽകിയതാണ് ബാർ അസോസിയേഷൻ ഹാൾ. ഇ ലൈബ്രറി, ഇ ഫയലിംഗ് എന്നിവയ്ക്ക് ആവശ്യമായ കംപ്യൂട്ടറുകളും മറ്റ് ഉപകരണങ്ങൾക്കും ചവറ ബാർ അസോസിയേഷന്റേയും കെഎംഎംഎല്ലിന്റേയും സഹായവും ലഭ്യമായി.
ചവറ ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് ജഡ്ജ് എം ബി സ്നേഹലത നിർവഹിച്ചു. ചടങ്ങിൽ സുജിത്ത് വിജയൻ പിള്ള എംഎൽഎ അധ്യക്ഷനായി. കുട്ടികളുടെ സൗഹൃദ ഹാൾ എം ബി സ്നേഹലതയും ചവറ കുടുംബകോടതി ജഡ്ജ് കെ ജി സനൽകുമാർ നവീകരിച്ച ബാർ അസോസിയേഷന്റേയും ഉദ്ഘാടനം നിർവഹിച്ചു.
ഇ ലൈബ്രറി, ഇ ഫയലിംഗ് ഉദ്ഘാടനം കെ എം എം എൽ എം ഡി ജെ ചന്ദ്രബോസ് നിർവഹിച്ചു. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.കെ പി ജബാർ, സെക്രട്ടറി അഡ്വ. എസ് അനീഷ് എന്നിവർ പ്രസംഗിച്ചു.