കടമ്മനിട്ട കവിത പുരസ്കാര വിതരണം ഇന്ന്
1282963
Friday, March 31, 2023 11:23 PM IST
കൊല്ലം:ജില്ലാ ലൈബ്രറി കൗണ്സില് ഏര്പ്പെടുത്തിയ 2022 ലെ കടമ്മനിട്ട കവിത പുരസ്കാരം ഇന്ന് വൈകുന്നേരം നാലിന് പബ്ലിക് ലൈബ്രറി സരസ്വതി ഹാളില് മന്ത്രി പി പ്രസാദ് കവി കുരീപ്പുഴ ശ്രീകുമാറിന് സമ്മാനിക്കും.
ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ അമരക്കാരനും സംസ്ഥാന ലൈബ്രറി കൗണ്സിലിന്റെ പ്രഥമ അധ്യക്ഷനുമായിരുന്ന കടമ്മനിട്ടയുടെ സ്മരണാര്ഥം ജില്ലാ ലൈബ്രറി കൗണ്സില് ഏര്പ്പെടുത്തിയതാണ് പുരസ്കാരം. 25000 രൂപയും ശില്പവും പ്രശസ്തി പത്രവുമാണ് അവാര്ഡ്.
ജില്ലാ ലൈബ്രറി കൗണ്സില് പ്രസിഡന്റ് കെ ബി മുരളീകൃഷ്ണന് അധ്യക്ഷനാകും. ഡോ കെ എസ് രവികുമാര് കടമ്മനിട്ട അനുസ്മരണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപനെയും, 'മിഷനറിമാരുടെ കേരളം' എന്ന പുസ്തകത്തിന്റെ രചയിതാവായ ജില്ലാ ലൈബ്രറി കൗണ്സില് എക്സിക്യൂട്ടീവ് അംഗം വള്ളിക്കാവ് മോഹന്ദാസിനെയും ജില്ലാ ലൈബ്രറി കൗണ്സില് അനുമോദിക്കും. തുടര്ന്ന് ലൈബ്രറി കൗണ്സില് സംഘടിപ്പിച്ച ജില്ലാതല വായന മത്സര വിജയികള്ക്കുള്ള സമ്മാനദാനവും നിര്വഹിക്കും.
സംസ്ഥാന ലൈബ്രറി കൗണ്സില് എക്സിക്യൂട്ടീവ് അംഗം എസ് നാസര്, ജില്ലാ ലൈബ്രറി കൗണ്സില് വൈസ് പ്രസിഡന്റ് എ എസ് ഷാജി, ജില്ലാ ലൈബ്രറി കൗണ്സില് കൗണ്സില് സെക്രട്ടറി ഡി സുകേശന്, ജോയിന് സെക്രട്ടറി ബി ശിവദാസന്പിള്ള, ജില്ലാ ലൈബ്രറി കൗണ്സില് അംഗങ്ങള് തുടങ്ങിയവര് പങ്കെടുക്കും.