ചാത്തന്നൂർ ജംഗ്ഷനിൽ തൂൺപാലം നിർമിക്കാൻ ജനകീയ ധർണ
1281341
Sunday, March 26, 2023 11:00 PM IST
ചാത്തന്നൂർ: ദേശീയപാത വികസനത്തിന്റെ ഭാഗമായി ചാത്തന്നൂർ ജംഗ്ഷനിൽ രണ്ട് ഭാഗത്തും കൂറ്റൻ മതിൽ കെട്ടി മേൽപ്പാലം നിർമിക്കുന്നത് ഒഴിവാക്കി കോൺക്രീറ്റ് തൂണുകളിൽ മേൽപ്പാലം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് ചാത്തന്നൂരിൽ ജനകീയ ധർണ നടന്നു .
ചാത്തന്നൂർ വികസന സമിതിയുടെ നേതൃത്വത്തിൽ നടന്ന ധർണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ദിജു. ഉദ്ഘാടനം ചെയ്തു. വികസന സമിതി ചെയർമാൻ ജി.രാജശേഖരൻ അദധ്യക്ഷത വഹിച്ചു.
ധാരാളം വികസന സാധ്യതകൾ ഉള്ള ഇവിടെ ചാത്തന്നൂർ പഞ്ചായത്തും ചിറക്കര പഞ്ചായത്തും കൂട്ടിച്ചേർത്ത് ചാത്തന്നൂർ കേന്ദ്രമാക്കി നഗരസഭ രുപീകരിക്കുക, പരവൂർ ചിറക്കര ഭാഗത്തേക്ക് പോകുന്ന മുഴുവൻ സ്വകാര്യ ബസുകളും ചാത്തന്നൂർ ജംഗ്ഷനിലെത്തിയതിനു ശേഷം സർവീസ് തുടരുക, ചാത്തന്നൂരിന്റെ പതിറ്റാണ്ടുകൾ പഴക്കമുള്ള ആവശ്യമായ താലൂക്ക് രൂപീകരിക്കുക തുടങ്ങിയ ജനകീയ ആവശ്യങ്ങളും ധർണയിൽ ഉന്നയിച്ചു.
ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോൺ എബ്രഹാം , സിപിഐ ചാത്തന്നൂർ മണ്ഡലം സെക്രട്ടറി ആർ.ദിലീപ് കുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീജാഹരീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ദസ്തക്കീർ, വ്യാപാരി വ്യവസായി സമിതി സംസ്ഥാന സമിതിയംഗം കെ. കെ. നിസാർ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എം. ശശിധരൻ, സിറ്റിസൻസ് ഫോറം പ്രസിഡന്റ് ജി.ദിവാകരൻ, വികസന സമിതി എക്സിക്യൂട്ടീവ് അംഗം രാജൻ കരൂർ, വികസന സമിതി കൺവീനർ ജി.പി.രാജേഷ്, വി.എം .മോഹൻലാൽ തുടങ്ങിയവർ പ്രസംഗിച്ചു.