രോഗിയായ വയോധികൻ പകല്‍ വീട്ടില്‍ എത്തുന്നത് സിപിഎം നേതാവ് വിലക്കി
1279752
Tuesday, March 21, 2023 11:13 PM IST
അഞ്ചല്‍: മന്ത് രോഗം പിടിപ്പെട്ട വയോധികന് പകല്‍ വീട്ടില്‍ വരുന്നതിനെ സിപിഎം നേതാവ് വിലക്കിയതായി പരാതി. ഏരൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ ഭരണസമിതി അംഗവും സിപിഎം ആയിരനെല്ലൂര്‍ ലോക്കല്‍കമ്മിറ്റി സെക്രട്ടറിയുമായ ബിജുവിനെതിരെയാണ് ഗുരുതരമായ ആരോപണവുമായി വിളക്കുപാറ മുഴതാങ്ങ് വയലിൽ പുത്തൻവീട്ടില്‍ യൂനുസ്കുഞ്ഞ് (68) എന്നയാള്‍ രംഗത്തെത്തിയിരിക്കുന്നത്.
വര്‍ഷങ്ങളായി മന്ത് രോഗ ബാധിതനാണ് യൂനുസ് കുഞ്ഞ്. മുഖത്തും കൈകാലുകളിലുമടക്കം രോഗത്തിന്റെ ഭാഗമായുള്ള കുമിളകള്‍ കാണാം. സഹോദരനൊപ്പം മുഴതാങ്ങില് താമസിച്ചുവരുന്നു. അതിദരിദ്രരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍.
അടുത്തിടെ വിളക്കുപാറയില്‍ ഏരൂര്‍ ഗ്രാമപഞ്ചായത്ത് ആരംഭിച്ച രണ്ടാമത്തെ പകല്‍വീട്ടില്‍ എത്താന്‍ അര്‍ഹത ഉള്ളതും രജിസ്റ്ററില്‍ പേര് ഉള്‍പ്പെട്ടിട്ടുള്ളതുമായ യൂനുസ് കുഞ്ഞ് ഉദ്ഘാടനം കഴിഞ്ഞ ആദ്യ തിങ്കളാഴ്ച പകല്‍ വീട്ടില്‍ എത്തി. അന്ന് തന്നെ ഇവിടെ ഉള്ള മറ്റൊരു സിപിഎം പ്രവര്‍ത്തകനായ വയോധികന് യൂനുസ് കുഞ്ഞ് എത്തിയതിനെ ചോദ്യം ചെയ്തു.
എന്തായാലും വന്നതല്ലേ ഭക്ഷണം കഴിച്ചു മടങ്ങണം എന്നായിരുന്നു നിര്‍ദേശം. ഇനി ഇവിടെയ്ക്ക് വരാന്‍ പാടില്ലെന്നും പരമേശ്വരന് എന്ന വയോധികന് ആവശ്യപ്പെട്ടു.
എന്നാല്‍ ചൊവ്വാഴ്ചയും യൂനുസ് കുഞ്ഞു തനിക്ക് വരാന്‍ അര്‍ഹതയുള്ള പകല്‍വീട്ടില്‍ എത്തി. ഈസമയത്ത് ഇനി മേലില്‍ ഇവിടെ വരരുതെന്നും താന്‍ എത്തുന്നത് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാണന്നും സിപിഎം ലോക്കല്‍കമ്മിറ്റി സെക്രട്ടറി ബിജു പറഞ്ഞതായി യൂനുസ് കുഞ്ഞു പറയുന്നു. ഇതോടെ കടുത്ത മാനസിക സമ്മര്‍ദത്തിലായ യൂനുസ് കുഞ്ഞു വീട്ടിലെത്തി.
രണ്ടാഴ്ചയായി പിന്നീട് ഇങ്ങോട്ടേക്ക് പോയിട്ടേയില്ല. യൂനുസിന്റെ മന്ത് രോഗം മറ്റുള്ളവരിലേക്ക് പടരില്ല. ഇക്കാര്യം വ്യക്തമായിട്ടും വയോധികരെ പറഞ്ഞു മനസിലാക്കുന്നതിന് പകരം ഒരു പൊതുപ്രവര്ത്തകന് എന്ന നിലയില്‍ പകല്‍ വീട്ടിലേക്ക് ഇനി വരാന്‍ പാടില്ലന്ന സിപിഎം നേതാവിന്റെ വിലക്ക് തന്നെ മാനസികമായി തളര്‍ത്തി എന്ന് യൂനിസ് കുഞ്ഞു പറയുമ്പോള്‍ വിതുമ്പി. സംഭവം അറിഞ്ഞ വാര്‍ഡ് അംഗം എത്തുകയും വയോധികനെ തിങ്കളാഴ്ച മുതല്‍ വീണ്ടും പകല്‍ വീട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കും എന്ന് ഉറപ്പ് നല്കി.
എന്നാല്‍ ഈ ഉറപ്പ് നല്കി ഒരാഴ്ച്ച പിന്നിടുമ്പോഴും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല. ഇതോടെ സാമൂഹിക നീതി വകുപ്പ് അഞ്ചല്‍ സിഡിപിഒയ്ക്ക് യൂനുസ് കുഞ്ഞു പരാതി നല്‍കിയിരിക്കുകയാണ്. വരും ദിവസം മന്ത്രി ജില്ലാ കളക്ടര്‍ അടക്കമുല്ലവര്ക്കും പരാതി നല്‍കുമെന്ന് യൂനുസ് കുഞ്ഞ് പറഞ്ഞു.
വയോധികര്‍ക്ക് ഒറ്റപ്പെടലില്‍ നിന്നും മാനസിക ഉല്ലാസം നല്‍കുന്നതിനും അവരുടെ ആരോഗ്യപരമായ ഉയര്‍ച്ചയും ലക്ഷ്യമിട്ടാണ് പകല്‍ വീട് എന്ന വലിയ പദ്ധതി സര്‍ക്കാര്‍ ഗ്രാമപഞ്ചായത്തുകള്‍ വഴി നടപ്പിലാക്കിവരുന്നത്. നാളെ ഈപറയുന്ന ആര്‍ക്കും വലിയ അസുഖങ്ങള്‍ ബാധിച്ചേക്കാം. അതിന്റെ പേരില്‍ ആരെയും മാറ്റി നിര്‍ത്തുകയോ ഒറ്റപ്പെടുത്തുകയോ അല്ല വേണ്ടത്. പകരം ചേര്‍ത്തു നിര്‍ത്തി ആശ്വസിപ്പിക്കുകയാണ് വേണ്ടത്. എന്നാല്‍ താന്‍ യൂനുസ് കുഞ്ഞിനെ വിലക്കിയിട്ടില്ല എന്നും അതിനാല്‍ തന്നെ പരസ്യ പ്രതികരണത്തിനില്ല എന്നുമാണ് ലോക്കല്‍കമ്മിറ്റി സെക്രട്ടറി ബിജുവിന്റെ പ്രതികരണം