സ്പെഷൽ ഡ്രൈവ്: പിടികിട്ടാപ്പു ള്ളികൾ ഉൾപ്പെടെ 80 പേർ അറസ്റ്റിൽ
1265168
Sunday, February 5, 2023 10:48 PM IST
കൊല്ലം: സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശാനുസരണം കഴിഞ്ഞ ദിവസം അർധരാത്രി മുതൽ നടത്തിയ സ്പെഷൽ ഡ്രൈവിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായവരെ പിടികൂടി.
സിറ്റി പോലീസ് കമ്മീഷണർ മെറിൻ ജോസഫിന്റെ നിർദേശാനുസരണം കൊല്ലം, ചാത്തന്നൂർ, കരുനാഗപ്പള്ളി എസിപി മാരുടെ നേതൃത്വത്തിൽ എല്ലാ പോലീസ് ഇൻസ്പെക്ടർമാരേയും പോലീസ് സ്റ്റേഷനുകളിലേയും സിറ്റിയിലെ പരമാവധി പോലീസ് ഉഗ്യോഗസ്ഥരെയും പങ്കെടുപ്പിച്ചു നടന്ന സ്പെഷൽ ഡ്രൈവിൽ നിരവധി ക്രിമിനലുകൾ പോലീസ് പിടിയിലായി.
നിരവധി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് പൊതുജനങ്ങളുടെ സ്വൈരജീവിതത്തിന് ഭീഷണിയായിമാറിയ എട്ടു പേരെ കണ്ണനല്ലൂർ പോലീസ് സ്റ്റേഷനിലും, ഏഴു പേർ വീതം ശക്തികുളങ്ങര, അഞ്ചാലുംമൂട്, കിളികൊല്ലൂർ, കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനുകളിലും, ആറു പേരെ ഇരവിപുരം പോലീസ് സ്റ്റേഷനിലും, അഞ്ചു പേരെവീതം പള്ളിത്തോട്ടം, കൊല്ലം ഈസ്റ്റ്, ചാത്തന്നൂർ പോലീസ് സ്റ്റേഷനുകളിലും, നാലു പേർ വീതം കൊല്ലം വെസ്റ്റ്, കൊട്ടിയം പോലീസ് സ്റ്റേഷനുകളിലും, മൂന്നുപേരെ വീതം ചവറ, തെക്കുംഭാഗം, പാരിപ്പള്ളി പോലീസ് സ്റ്റേഷനുകളിലും, രണ്ട ു പേരെ വീതം ഓച്ചിറ, പരവൂർ സ്റ്റേഷനിലുമായി 78 പേരെ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി പിടികൂടി.
സ്ഥിരായി സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് കാപ്പാ നിയമപ്രകാരം നടപടി നേരിട്ടവരും മറ്റ് കുറ്റകൃത്യങ്ങളിലും ഏർപ്പെട്ടിട്ടുള്ളവരുമായ ജില്ലയിലെ പ്രധാന കുറ്റവാളികളായ അരുണ്‍(27), അരുണ്‍ദാസ്(31), ദാസൻ(49), ഷാനു(28), ഹാരിസണ്‍(32), നിതിൻ(32), പത്മചന്ദ്രൻ(45), ആഷിഖ്(22), ചന്തു(26), ശ്യാം(23), ശബരി(22), പ്രദീപ്(36), അൻസിൽ(20), മെൽബിൻ(28), മിറാഷ്(26), ഇൻഷാദ്(27), ലതികേഷ്(40)എന്നിവരെ കസ്റ്റഡിയിൽ എടുത്തു.
കൊട്ടിയം പോലീസ് സ്റ്റേഷനിൽ കാപ്പാ പ്രകാരം അറസ്റ്റിലായ ഇൻഷാദിനെ കരുതൽ തടങ്കലിനായി സെൻട്രൽ ജയിലിലേക്ക് അയക്കുകയും ചെയ്തു. കൂടാതെ ഗൂരുതരമായ കേസുകളിൽ ഉൾപ്പെട്ട ഓരോരുത്തരെ വീതം ശക്തികുളങ്ങര, കിളികൊല്ലൂർ, കണ്ണനല്ലൂർ എന്നീ സ്റ്റേഷൻ പരിധിയിൽ നിന്നും പിടികൂടുകയും ചെയ്തു. കൊല്ലം സിറ്റിയിൽ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി ആകെ 157 കുറ്റവാളികളെ പോലീസ് നിരീക്ഷണത്തിന് വിധേയമാക്കി.
സാമൂഹിക വിരുദ്ധരെ അമർച്ച ചെയ്യുന്നതിന്റെ ഭാഗമായി വരുംദിവസങ്ങളിലും കർശന പരിശോധന തുടരുമെന്നും സിറ്റി പോലീസ് മേധാവി അറിയിച്ചു.