മാതൃ-ശിശു സൗഹാര്‍ദ ആശുപത്രിക്കുള്ള അംഗീകാരം അഞ്ചല്‍ സെന്റ് ജോസഫ് മിഷന്
1264584
Friday, February 3, 2023 11:39 PM IST
അഞ്ചല്‍: മലയോര മേഖലയില്‍ ആതുര സേവന രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന അഞ്ചല്‍ സെന്റ് ജോസഫ് മിഷന് ആശുപത്രിക്ക് മറ്റൊരു അംഗീകാരം കൂടി.
ജില്ലയില്‍ ആദ്യമായി സ്വകാര്യാശുപത്രികളില്‍ മാതൃ-ശിശു സൗഹാര്‍ദ ആശുപത്രിക്കുള്ള അംഗീകാരമാണ് ഈ ആതുരാലയത്തെ തേടിയെത്തിയത്. കേരള സര്‍ക്കാറിന്റെ നാഷണല്‍ ഹെല്‍ത്ത് മിഷന് നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് അംഗീകാരം ലഭിച്ചത്.
ഗര്‍ഭിണി ആകുമ്പോള്‍ മുതല്‍ പ്രസവിച്ചു കുട്ടിക്ക് ആദ്യമായി മുലപ്പാല്‍ നല്‍കുന്നതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍, മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍, ജീവനക്കാരുടെ സൗഹാര്‍ദപരമായ പെരുമാറ്റം, ആശുപത്രിയിലെ സൗകര്യങ്ങള്‍ ഇവയെല്ലാം അടിസ്ഥാനമാക്കിയാണ് സെന്റ് ജോസഫ് മിഷന് ആശുപത്രിക്ക് മാതൃശിശു സൗഹാര്‍ദ ആശുപത്രിക്കുള്ള അംഗീകാരം നല്‍കിയിരിക്കുന്നത്.
മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, ഗര്‍ഭിണികള്‍ അടക്കമുള്ളവര്‍ക്കുള്ള ബോധവല്കരണം കൗണ്‍സിലിംഗ്, സെമിനാറുകള്‍, വാര്‍ഡുകളില്‍ മുലയൂട്ടാനുള്ള ഫീഡിംഗ് റൂമുകള്‍ അടക്കം മികച്ച പ്രവര്‍ത്തനങ്ങളാണ് ആശുപത്രി അധികൃതര്‍ ഈ മേഖലയില്‍ ഒരുക്കിയിരിക്കുന്നത്.
അംഗീകാരം കിട്ടിയതില്‍ അതിയായ സന്തോഷം ഉണ്ടെന്നും ജീവനക്കാര്‍, ആശുപത്രിയില്‍ എത്തുന്നവര്‍ ഉള്‍പ്പടെയുള്ളവരുടെ കൂട്ടായ പരിശ്രമം ആശുപത്രിയെ അംഗീകര നിറവില്‍ എത്തിക്കാന്‍ മുഖ്യ പങ്കുവഹിച്ചതായി ആശുപത്രി ഡയറക്ടര്‍ സിസ്റ്റര്‍ ലില്ലി തോമസ് പറഞ്ഞു. അത്യാധിനുക സംവിധാനങ്ങളോട് കൂടിയ മെച്ചപ്പെട്ട കൂടുതല്‍ ചികിത്സാ സൗകര്യങ്ങള്‍ ഉടന്‍ ആശുപത്രിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.