ചവറ മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് വിപുലീകരണം; ശിലാസ്ഥാപനം നടത്തി
1264014
Wednesday, February 1, 2023 10:48 PM IST
ചവറ : പുതിയതായി ആരംഭിക്കുന്ന ചെറുകിട വ്യവസായ യൂണിറ്റുകള്‍ക്കായി കൂടുതല്‍ കെട്ടിടസൗകര്യം ചവറ മേനാമ്പളളി മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ തയാറാകുന്നു.
ചെറുകിട വ്യവസായ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി പഞ്ചായത്തുകള്‍ തോറും മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകള്‍ നിര്‍മിച്ചിരുന്നു. ഇടയ്ക്കുവച്ച് സംരംഭങ്ങള്‍ പലതും വിജയകരമല്ലാത്തതിനാല്‍ മിനി എസ്റ്റേറ്റുകളില്‍ ചിലത് നിര്‍ജീവാവസ്ഥയിലായിരുന്നു.
ചെറുകിട സംരംഭകരുടെയും സ്റ്റാര്‍ട്ടപ്പ് പദ്ധതികളുടെയും വരവോടുകൂടി നിലവിലുളള ഷെഡുകള്‍ അപര്യാപ്തമാണ്. ഈ സാഹചര്യത്തിലാണ് ചവറ മേനാമ്പളളി മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ പുതിയതായി 900 സ്ക്വയര്‍ഫീറ്റുളള മൂന്ന് കെട്ടിടങ്ങള്‍ ഉള്‍പ്പെടുന്ന പുതിയ ബ്ലോക്ക് നിര്‍മ്മിക്കുന്നത്. പുതിയ സംരംഭകരെ സഹായിക്കുന്നതിനുളള കെട്ടിടം നിര്‍മ്മിക്കുന്നത് ജില്ലാ വ്യവസായ കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന ജില്ലാ മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് സഹകരണസംഘമാണ്.
സഹകരണസംഘം ഭാരവാഹി പി.പി. ജോസിന്റെ അധ്യക്ഷതയില്‍ കൂടിയ ചടങ്ങില്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനം ഡോ. സുജിത് വിജയന്‍പിളള എംഎല്‍എ നിര്‍വഹിച്ചു.
ചവറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി, ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ ബിജു കുര്യന്, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ദിനേശ്. ആര്, കെ.എസ്. സജീവ്കുമാര്‍ കെ. പ്രതാപന് തുടങ്ങിയവര്‍ പ്രസംഗിച്ചു.