ബൈക്കിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ
1262222
Wednesday, January 25, 2023 11:27 PM IST
കൊല്ലം: മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർക്ക് പരാതി നൽകിയതിലുള്ള വിരോധത്തിൽ ബൈക്കിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ആളെ പോലീസ് പിടികൂടി.
ഇരവിപുരം തേജസ് നഗർ 123ൽ വയലിൽ വീട്ടിൽ ഉമർ മുക്തർ(21) ആണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്. ഇരവിപുരം സ്വദേശി സുധീറിനെയാണ് ഇയാൾ ബൈക്കിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.
കാതടപ്പിക്കുന്ന ശബ്ദത്തിൽ പ്രതി പൊതു നിരത്തിലൂടെ ബൈക്കിൽ പാഞ്ഞതിനെതിരെ നാട്ടുകാർ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരുന്നു. ഇത് ചെയ്തത് സുധീർ ആണെന്ന് തെറ്റിദ്ധരിച്ച് പ്രതിയും സുഹൃത്തുക്കളും ചേർന്ന് 24-ന് രാവിലെ പഴയാറ്റിൻകുഴി ഭാഗത്ത് സുധീറിനെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയും ബൈക്കിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
ഒഴിഞ്ഞ് മാറാൻ ശ്രമിച്ച സുധീറിനെ പ്രതി ഇരുന്പ് പൈപ്പ് കൊണ്ട് തലയിലും തോളിലും അടിച്ച് പരിക്കേൽപ്പിക്കുകയും മർദിച്ച് അവശനാക്കുകയും ചെയ്തു. ഇരവിപുരം പോലീസ് സ്ഥലത്ത് എത്തി പ്രതിയെ പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ അനധികൃതമായി മയക്ക്മരുന്ന് കൈവശം വച്ചതിന് ഇരവിപുരം പോലീസ് സ്റ്റേഷനിൽ കേസ് നിലവിലുണ്ട്. പോലീസ് ഇൻസ്പെക്ടർ അജിത്ത്കുമാറിന്റെ നിർദേശപ്രകാരം എസ്ഐമാരായ അരുണ്‍ഷാ, ജയേഷ്, സുനിൽ, സിപിഒ അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.