പ്രതിസന്ധികളെ വെല്ലുവിളിയായി ഏറ്റെടുത്ത് വിദ്യാർഥികൾ ഭാവി ശോഭനമാക്കണം: ശശി തരൂർ
1262216
Wednesday, January 25, 2023 11:24 PM IST
കൊല്ലം: പ്രതിസന്ധികളെ വെല്ലുവിളിയായി ഏറ്റെടുത്ത് വിദ്യാർഥികൾ ഭാവി ശോഭനമാക്കണമെന്ന് ഡോ.ശശി തരൂർ എംപി അഭിപ്രായപ്പെട്ടു. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളജിൽ ബിരുദദാനചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അവരവർക്ക് ഇഷ്ടപ്പെട്ട തൊഴിൽ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ പുതിയ തലമുറ ശ്രമിക്കണം. താൻ പഠിച്ചിരുന്ന കാലത്തെ അപേക്ഷിച്ച് ഇന്ന് അവസരങ്ങൾക്ക് കുറവില്ല. അതുകൊണ്ടുതന്നെ കേരളത്തിൽ വിദ്യാഭ്യാസം നേടിയ ശേഷം ഭൂരിഭാഗം ഉദ്യോഗാർഥികളും ഇപ്പോൾ വിദേശങ്ങളിലേക്ക് പറക്കുകയാണ്.
അവരവർ എന്താകണമെന്നും ഭാവി എങ്ങനെയായിരിക്കണമെന്നും രക്ഷിതാക്കളെക്കാൾ നന്നായി ഇന്നത്തെ വിദ്യാർഥികൾ ചിന്തിക്കുന്നുണ്ട്. ഇത് നല്ലതുതന്നെയാണെന്നും ശശി തരൂർ എംപി പറഞ്ഞു. കോളജ് മാനേജർ ഫാ.അഭിലാഷ് ഗ്രിഗറി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൾ സിന്തിയ കാത്തറെയിൻ മിഖായേൽ, ക്രിസ്റ്റി ക്ലമെന്റ്, ഡോ.എ.ആർ ടൈറ്റസ് തുടങ്ങിയവർ പ്രസംഗിച്ചു.
ബിരുദദാനചടങ്ങിൽ പങ്കെടുത്ത വിദ്യാർഥികൾ ഡോ.ശശിതരൂർ എംപിയുമായി മുഖാമുഖം പരിപാടിയും നടത്തി. 2022ൽ ബിരുദ-ബിരുദാനന്തരപ്രോഗ്രാമുകൾ വിജയകരമായി പൂർത്തിയാക്കിയ 551 വിദ്യാർഥികളെ ആദരിച്ചുള്ള ബിരുദദാന ചടങ്ങ് അമോഘയാണ് സംഘടിപ്പിച്ചത്.