അറബനമുട്ടിൽ നാലാം തവണയും പെരുംകുളം പിവിഎച്ച്എസ്എസ്
1244889
Thursday, December 1, 2022 11:14 PM IST
അഞ്ചൽ : താളാത്മകമായ ബൈത്തുപാട്ടുകളുടെ അകമ്പടിയായി കൊട്ടി കയറിയ അറബനമുട്ട് മത്സരത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ തുടർച്ചയായ നാലാം തവണയും കൊട്ടാരക്കര പെരുംകുളം പി വി എച്ച് എസ് എസ് ജേതാക്കളായി.
ബൈത്തുകളുടെ ആലാപനത്തിനൊപ്പം ചാഞ്ഞും ചരിഞ്ഞും നിവർന്നും അറബനയെ ഒപ്പം കൂട്ടി ആവേശം വിതറിയപ്പോൾ സദസിലും കാഴ്ചക്കാർ ഏറെയായിരുന്നു. ഹൈസ്കൂൾ വിഭാഗത്തിലും പെരുംകുളം പി വി എച്ച് എസ് എസ് തന്നെ ഒന്നാമത് എത്തി. ഏഴ് ഉപജില്ലകളിൽ നിന്നാണ് ഹൈസ്കൂൾ വിഭാഗത്തിൽ മത്സരാർഥികൾ ഉണ്ടായിരുന്നത്.ഹയർ സെക്കൻഡറിയിൽ മൂന്ന് ടീം മത്സരിച്ചിരുന്നു. കൊട്ടാരക്കര സ്വദേശി ആഷിക് ആണ് ഇരുടീമിനെയും പരിശീലിപ്പിച്ചത്.
കലോത്സവത്തിനിടെ
പുസ്തക സമർപ്പണവും
അഞ്ചൽ: കലോത്സവത്തിനിടെ പുസ്തക സമർപ്പണവും . ഒന്നാം വേദിയോടു ചേർന്നുള്ള മീഡിയാ സെന്ററിനു മുന്നിലാണ് അധ്യാപികയായ മോളി .പി.കെ. ചടയമംഗലം, തന്റെ പുസ്തകങ്ങളുടെ സമർപ്പണം നിർവഹിച്ചത്.
അധ്യാപക പരിഷത്ത് ജില്ലാ പ്രസിഡന്റ് പാറംകോട് ബിജു കാൻഫെഡ് ചെയർമാൻ ബിനോവന് പുസ്തകങ്ങൾ കൈമാറി. കാൻഫെഡ് സെക്രട്ടറി നൈസാം കരിക്കോട്, എസ്.കെ. ദിലീപ് കുമാർ, ധനലക്ഷ്മി വിരിയറഴികത്ത്, ധന്യ, അഖില എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
നാദസ്വരത്തിൽ അനന്തു ഒന്നാമനായി
അഞ്ചൽ : നാദസ്വരത്തിൽ അനന്തു ഒന്നാമനായി. ഹൈസ്കൂൾ വിഭാഗം മത്സരത്തിലാണ് ചവറ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി മികവു തെളിയിച്ചത്. രണ്ടര വർഷം മുമ്പാണ് ഗുരു പന്മന ഗോപനിൽ നിന്നും നാദസ്വരം അഭ്യസിച്ചത്.സ്കൂളിൽ നിന്ന് മികച്ച പ്രോത്സാഹനവും ലഭിയ്ക്കുന്നുണ്ട്. എഴുത്തുകാരനായ കുരീപ്പുഴ ഫ്രാൻസിസിന്റെ പ്രോത്സാഹനവും എടുത്തുപറയത്തക്കതാണ്.