നിറഞ്ഞ സദസില് ഒപ്പന; നിരാശപ്പെടുത്തി മിമിക്രി
1244587
Wednesday, November 30, 2022 11:12 PM IST
അഞ്ചല്: കലോത്സവത്തിന്റെ മൂന്നാം നാള് വേദി ഒന്നില് നടന്നത് യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗം ഒപ്പനയായിരുന്നു. നിശ്ചയിച്ച സമയത്തില് നിന്നും രണ്ടു മണിക്കൂര് വൈകിയാണ് ഒപ്പന മത്സരം ആരംഭിച്ചത്. മത്സരം തുടങ്ങും മുമ്പ് തന്നെ സദസ് കാണികളെകൊണ്ട് നിറഞ്ഞിരുന്നു.
നിറഞ്ഞ സദസ് മത്സരാര്ഥികള്ക്ക് നല്കിയത് നിര്ലോഭമായ പ്രോത്സാഹനവും. മൂന്നു വിഭാഗം മത്സരങ്ങള് തീരുന്നതുവരെയും ഒന്നാം വേദിയിലെ സദസ് നിറഞ്ഞിരുന്നു. യുപി, എച്ച്എസ് വിഭാഗത്തില് കൊല്ലം വിമലഹൃദയ ഹയര്സെക്കന്ഡറി സ്കൂള് ഒന്നാം സ്ഥാനം നേടി.
അതേസമയം വേദി പത്തില് നടന്ന ഹയര്സെക്കന്ഡറി വിഭാഗം മിമിക്രി മത്സരം നിരാശപ്പെടുത്തി. മത്സരാര്ഥികള് ഏറെയും ഡിജെ ശബ്ദത്തിന്റെയും വെള്ളാപ്പള്ളി നടേശന്റെയും പിന്നാലെ പോയതോടെ മത്സരം ഹയര്സെക്കന്ഡറി നിലവാരത്തിനും താഴെ പോയി. സദസിലെ കസേരകളില് ഏറെയും ഒഴിഞ്ഞു തന്നെ കിടന്നു.