സന്താനഗോപാലത്തിലെ പുത്രദു:ഖം അവതരിപ്പിച്ച് വിഷ്ണുദാസ്
1244580
Wednesday, November 30, 2022 11:08 PM IST
അഞ്ചൽ : ആൺകുട്ടികളുടെ ഹയർ സെക്കൻഡറി വിഭാഗം ഓട്ടൻതുള്ളലിൽ സന്താനഗോപാലത്തിലെ ബ്രാഹ്മണന്റെ പുത്രദു:ഖം തന്റെ അംഗചലനത്തിലൂടെ കാണികളിൽ എത്തിക്കാൻ കഴിഞ്ഞു എന്നതാണ് വിഷ്ണുദാസിനെ വിജയിയാക്കിയത്.
ഒരേ സമയം ബ്രാഹ്മണന്റേയും കൃഷ്ണന്റേയും ഭാവവ്യത്യാസങ്ങൾ മുഖത്ത് മിന്നിമറയുന്നതും ഓട്ടൻതുള്ളലിന്റെ ഗരിമ ഒട്ടും ചോരാതെ തന്നെ വിഷ്ണുദാസ് അവതരിപ്പിച്ചു. ‘ഇങ്ങനെ കുറെ ദിവസം ചെന്ന് അംഗനമണിമാർ മൗലിക്കങ്ങ്......’ എന്നു തുടങ്ങുന്ന വരികൾക്കൊപ്പം ചുവട് വച്ചു.
തുടർച്ചയായി 8, 9. ക്ലാസുകളിൽ ജില്ലാവിജയി ആയിരുന്നു ഈ കലാകാരൻ. കുറിച്ചിത്താനം ജയകുമാറിന്റെ ശിക്ഷണത്തിലാണ് ഓട്ടൻതുള്ളൽ അഭ്യസിച്ചത്. ഇതിനു പുറമെ ഭരതനാട്യം, കുച്ചുപ്പുടി എന്നിവയും ആഭ്യസിക്കുന്നുണ്ട്. കരുനാഗപ്പള്ള വിഷ്ണുഭവനിൽ സ്റ്റാലസ്റ്റിൻ - രമ ദമ്പതികളുടെ മകനാണ് ഈ പ്ലസ് ടു വിദ്യാർഥി.
മോണോ ആക്ടിൽ തിളങ്ങി
ദേവതീർഥ
അഞ്ചൽ : യുപി വിഭാഗം മോണോ ആക്ടിൽ അഞ്ചാം ക്ലാസുകാരി ദേവതീർഥ മികച്ച പ്രകടനത്തോടെ ഒന്നാം സ്ഥാനത്തെത്തി.
മുഴങ്ങോടി എൽവിയുപി സ്കൂൾ വിദ്യാർഥനിയായ ഈ പ്രതിഭയെ മാതാപിതാക്കൾ ചേർന്നാണ് പരിശീലിപ്പിയ്ക്കുന്നത്.
ചങ്ങംകുളങ്ങര എസ്ആർവിയുപി സ്കൂൾ അധ്യാപകൻ വിനോദ് പിതാവും കൃഷി അസിസ്റ്റന്റ് പ്രീതി മാതാവുമാണ്. സഹോദരൻ ബിരുദ വിദ്യാർഥിയായ ദേവകിരണും മോണോ ആക്ടിൽ സജീവമാണ്.