ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു
1242849
Thursday, November 24, 2022 2:08 AM IST
കൊട്ടാരക്കര: പുലമൺ ട്രാഫിക് ഐലൻഡിൽ കാറിടിച്ച് നിയന്ത്രണംവിട്ട ആബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. കുന്നിക്കോട് വിളക്കുടി ജാഫർ മൻസിലിൽ ഉസ്മാൻ റാവുത്തർ (83) ആണ് മരിച്ചത്. അത്യാസന്ന നിലയിലുള്ള ഉസ്മാൻ റാവൂത്തർ ഉൾപ്പടെ അഞ്ചുപേരാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്.
പരിക്കേറ്റ ഇവരെ കൊട്ടാരക്കരയിൽ സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് കൊല്ലത്തുള്ള ആശുപത്രിയിലേക്കും മാറ്റി. ഇന്നലെ വൈകുന്നേരം നാലോടെ ആയിരുന്നു അപകടം. പുനലൂർ തെറ്റിക്കുഴി ആശുപത്രിയിൽ നിന്നും കൊല്ലത്ത് സ്വകാര്യ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽ പെട്ടത്.
അടൂർ ഭാഗത്തേക്കുള്ള പച്ച സിഗ്നൽ തെളിഞ്ഞതും പുനലൂർ ഭാഗത്തു നിന്നെത്തിയ ആംബുലൻസ് കൊല്ലം ഭാഗത്തേക്കു പ്രവേശിച്ചതും ഒരേ സമയമായിരുന്നു. തിരുവനന്തപുരം ഭാഗത്തു നിന്നെത്തിയ കാർ ഇടിച്ചു നിയന്ത്രണം വിട്ട ആംബുലൻസ് ഡിവൈഡറിലേക്ക് ഇിടിച്ചു കയറി മറിയുകയായിരുന്നു. ഓക്സിജൻ മാസ്ക് ഘടിപ്പിച്ചിരുന്ന രോഗിയും ആശുപത്രി ജീവനക്കാരനും രോഗിയുടെ ബന്ധുക്കളായ രണ്ടു സ്ത്രീകളും ആംബുലൻസിലുണ്ടായിരുന്നു.
ഓടിയെത്തിയ യാത്രക്കാരും ട്രാഫിക് പോലീസും നാട്ടുകാരും ചേർന്ന് പെട്ടെന്നു ആംബുലൻസ് നിവർത്തുകയും രോഗിയെ ഓക്സിജൻ സംവിധാനമുള്ള മറ്റൊരു ആംബുലൻസിലേക്ക് മാറ്റി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആംബുലൻസ് ഡ്രൈവർ രാജേഷ് പരിക്കുകളില്ലാതെ രക്ഷപെട്ടു. തിരുവനന്തപുരത്തു നിന്നും അടൂരിലേക്കു പോവുകയായിരുന്ന കാറിലുണ്ടായിരുന്നവരും പരിക്കുകളില്ലാതെ രക്ഷപെട്ടു. ഏറെ നേരം ഗതഗാത കുരുക്കിന് അപകടം കാരണമായി.