തൃശൂർ പൂരത്തിൽ വടക്കിന്റെ മേളപ്പെരുമ തീർത്ത് രാധാകൃഷ്ണ മാരാർ
1549117
Friday, May 9, 2025 2:23 AM IST
കാഞ്ഞങ്ങാട്: തൃശൂർ പൂരത്തിന്റെ ഇലഞ്ഞിത്തറ മേളത്തിൽ വടക്കിന്റെ മേളപ്പെരുമ തീർത്ത് മഡിയൻ രാധാകൃഷ്ണ മാരാർ. കിഴക്കൂട്ട് അനിയൻ മാരാർ നയിച്ച പാറമേക്കാവ് വിഭാഗത്തിന്റെ മേളക്കാരുടെ നിരയിൽ അഞ്ചാമനായാണ് രാധാകൃഷ്ണ മാരാർ കൊട്ടിക്കയറിയത്.
മട്ടന്നൂർ ശങ്കരൻകുട്ടി മാരാർക്കു ശേഷം വടക്കൻ കേരളത്തിൽ നിന്ന് ഇലഞ്ഞിത്തറ മേളത്തിൽ മുൻനിരക്കാരനായെത്തുന്ന ആളെന്ന ബഹുമതിക്കൊപ്പം കാസർഗോഡ് ജില്ലയിൽ നിന്നുള്ള ആദ്യത്തെ ആളെന്ന നേട്ടവും രാധാകൃഷ്ണ മാരാർക്ക് സ്വന്തമായി.
കാഞ്ഞങ്ങാട് മഡിയൻ കൂലോത്തെ പാരമ്പര്യ വാദ്യകലാ കുടുംബത്തിൽ ജനിച്ചുവളർന്ന രാധാകൃഷ്ണ മാരാർ സ്കൂൾ കലോത്സവങ്ങളിലൂടെയാണ് ആദ്യമായി സംസ്ഥാനതലത്തിൽ അംഗീകാരം നേടിയത്.
മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ ശിഷ്യനായി നിരവധി വേദികളിൽ കൊട്ടിക്കയറി. വാദ്യകലാരംഗത്തെ സംഭാവനകൾക്ക് ദേശീയതലത്തിലുൾപ്പെടെ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.
രാധാകൃഷ്ണ മാരാർക്കൊപ്പം ശിഷ്യനായ ശ്രീരാഗ് കാഞ്ഞങ്ങാടും ഇത്തവണ പാറമേക്കാവ് സംഘത്തിലുണ്ടായിരുന്നു.