വീട്ടമ്മ പുറത്തുപോയപ്പോള്‍ മൂന്നരപവന്റെ മാല മോഷ്ടിച്ച ബന്ധുവായ യുവതി അറസ്റ്റില്‍
1547382
Saturday, May 3, 2025 1:53 AM IST
ചെറുവത്തൂര്‍: വീട്ടമ്മ പുറത്തുപോയ തക്കം നോക്കി മൂന്നരപവന്‍ സ്വര്‍ണമാല കവര്‍ന്ന കേസില്‍ ബന്ധുവായ യുവതി അറസ്റ്റില്‍. തുരുത്തി അസൈനാര്മുക്കിലെ കെ.ബിന്ദുവിനെയാണ് (44) ചന്തേര പോലീസ് അറസ്റ്റ് ചെയ്തത്.
ഏപ്രില്‍ 27നു ചെറുവത്തൂര്‍ പയ്യങ്കി സ്വദേശിനിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീട്ടുടമ അന്നേദിവസം രാവിലെ പത്തിന് കാഞ്ഞങ്ങാട് ആവിക്കരയിലെ ഭര്‍തൃസഹോദരന്റെ മരണാനന്തരചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു.
വൈകുന്നേരം അഞ്ചിന് തിരിച്ചെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടത്. വീടിന്റെ പരിസരത്തു സൂക്ഷിച്ച താക്കോലെടുത്ത് തുറന്നാണ് മോഷണം.
പരാതി ലഭിച്ചയുടന്‍ പോലീസ് അന്വേഷണം ആരംഭിക്കുകയും അന്വേഷണത്തില്‍ വീടുമായി നല്ല പരിചയം ഉള്ള ആരോ ആണ് മോഷണം നടത്തിയതെന്ന് മനസിലാക്കി. പരിസരവാസികള്‍ ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യുകയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തപ്പോഴാണ് ബിന്ദു ഇവിടെ വന്ന വിവരമറിയുന്നത്.
തുടര്‍ന്ന് ഇവരെ ചോദ്യം ചെയ്യുകയും കുറ്റം സമ്മതിക്കുകയും ചെയ്തു.
മോഷ്ടിച്ച മാല നീലേശ്വരത്തെ ജ്വല്ലറിയില്‍ വില്‍ക്കുകയും പുതുതായി വാങ്ങിയ ഒരു മാലയും രണ്ടു മോതിരവും 52,000 രൂപയും പ്രതിയുടെ വീട്ടില്‍ നിന്ന് പോലീസ് കണ്ടെടുക്കുകയും ചെയ്തു.
ചന്തേര ഇന്‍സ്പെക്ടര്‍ എം.പ്രശാന്ത്, എസ്ഐ കെ.പി.സതീഷ്, എസ്സിപിഒ ഹരീഷ്, സുധീഷ് , രഞ്ജിത്, അജിത്, ലിഷ, സൗമ്യ, ജിതിന് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.