അടിപ്പാതയൊരുങ്ങുന്നു; കുരുക്കിലായി മാർക്കറ്റ് ജംഗ്ഷൻ
1549112
Friday, May 9, 2025 2:23 AM IST
നീലേശ്വരം: നാലുവശങ്ങളിലേക്കും റോഡുകളുമായി തിരക്കേറിയ നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ വീതികുറഞ്ഞ ഒരു അടിപ്പാത കൊണ്ട് കാര്യമുണ്ടാവില്ലെന്ന് പുതിയ ദേശീയപാതയുടെ പണി തുടങ്ങിയ കാലത്തുതന്നെ നാട്ടുകാരും ജനപ്രതിനിധികളുമെല്ലാം ചൂണ്ടിക്കാട്ടിയതാണ്.
എന്നിട്ടും മേൽപ്പാലം നിർമിക്കുന്നതിനോ അനുവദിച്ച അടിപ്പാതയുടെ തന്നെ വീതി കൂട്ടുന്നതിനോ ഉള്ള നടപടികളൊന്നും ദേശീയപാത അഥോറിറ്റിയുടെ ഭാഗത്തുനിന്നുണ്ടായില്ല. ഇപ്പോൾ അടിപ്പാതയുടെ പണി തുടങ്ങിയപ്പോൾ തന്നെ മാർക്കറ്റ് ജംഗ്ഷൻ ഗതാഗതക്കുരുക്കിലമർന്നിരിക്കുകയാണ്.
കണ്ണൂർ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾക്ക് നീലേശ്വരം ടൗണിലേക്കു പ്രവേശിക്കണമെങ്കിൽ കോട്ടപ്പുറം റോഡ് ജംഗ്ഷൻ വരെ മുന്നോട്ടുപോയതിനു ശേഷം യു ടേൺ എടുത്ത് തിരിച്ചുവരേണ്ടിവരുന്ന രീതിയിലാണ് ഇപ്പോൾ ഗതാഗതക്രമീകരണം നടത്തിയിട്ടുള്ളത്. എന്നാൽ മറുവശത്തുള്ള വീതി കുറഞ്ഞ റോഡിലേക്ക് ബസുകളടക്കമുള്ള വലിയ വാഹനങ്ങൾ യു ടേൺ എടുത്ത് പ്രവേശിക്കുന്നത് മിക്കപ്പോഴും ഗതാഗതക്കുരുക്കിന് വഴിവയ്ക്കുന്നു.
രാജാറോഡിലൂടെ നീലേശ്വരം ടൗണിലേക്ക് പ്രവേശിച്ച ബസുകൾക്ക് തിരിച്ച് ദേശീയപാതയിലെത്തണമെങ്കിൽ പോലീസ് സ്റ്റേഷനു മുന്നിലെത്തി അവിടെ നിർമാണം നടക്കുന്ന അടിപ്പാതയിലൂടെ വീണ്ടും യു ടേൺ എടുക്കണം. കണ്ണൂർ ഭാഗത്തുനിന്ന് വരുന്ന ടൗൺ ടു ടൗൺ അടക്കമുള്ള ദീർഘദൂര ബസുകൾക്ക് ഇത് ഏരെ സമയനഷ്ടവും ഉണ്ടാക്കുന്നുണ്ട്.
ബസുകൾ രണ്ടിടങ്ങളിലായി യു ടേൺ എടുക്കുന്നതിനിടയിൽ ചെറുവാഹനങ്ങൾ കുരുക്കിൽപ്പെട്ട് നട്ടംതിരിയുകയാണ്.
മാർക്കറ്റ് ജംഗ്ഷനിൽ ദേശീയപാതയുടെ പണി നടക്കുമ്പോൾ ഒരു വശത്തേക്കുള്ള വാഹനങ്ങളെയെങ്കിലും അഞ്ഞൂറ്റമ്പലത്തിനു മുന്നിലൂടെയുള്ള തെരു-മെയിൻ ബസാർ റോഡിലൂടെ തിരിച്ചുവിട്ടിരുന്നെങ്കിൽ ഗതാഗതക്കുരുക്കിന് കുറച്ചെങ്കിലും ആശ്വാസമാകുമായിരുന്നുവെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ ഈ റോഡ് ഇപ്പോൾ നവീകരണത്തിനായി മെറ്റൽ പാകിയ നിലയിൽ അടച്ചിട്ടിരിക്കുകയാണ്. ഒരേസമയത്ത് രണ്ടു റോഡുകളിലും പണി തുടങ്ങിയത് യാത്രാദുരിതം ഇരട്ടിക്കാനിടയാക്കി.
നഗരസഭാ അധികൃതർ ഇടപെട്ട് ഈ റോഡിലെ ടാറിംഗ് പെട്ടെന്ന് പൂർത്തിയാക്കി തുറന്നുനല്കണമെന്നാണ് ഇപ്പോഴത്തെ ആവശ്യം.