റഫറിമാർ കളത്തിലിറങ്ങി; കാലത്തെ മറികടന്ന് വോളിബോൾ ആവേശം
1547972
Monday, May 5, 2025 1:03 AM IST
ഭീമനടി: വോളിബോൾ കളത്തിൽ തീപ്പൊരി സ്മാഷുകൾ തീർത്ത പഴയ കാലത്തേക്കൊരു തിരിച്ചുപോക്ക് നടത്തി റഫറിമാർ വീണ്ടും കളത്തിലിറങ്ങിയപ്പോൾ പുതുതലമുറയിലെ കളിക്കാർക്കും കാണികൾക്കും ആവേശം അലതല്ലി. ജില്ലാ വോളിബോൾ റഫറീസ് കൂട്ടായ്മ സംഘടിപ്പിച്ച മൂന്നാമത് റഫറീസ് വോളിബോൾ ടൂർണമെന്റായിരുന്നു വേദി.
പ്ലാച്ചിക്കര കെകെഎസ് ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തേജസ്വനി, ചൈത്രവാഹിനി, പയസ്വിനി പുഴകളുടെ പേരുനല്കിയ മൂന്ന് ടീമുകളിലായി 23 റഫറിമാരാണ് വീണ്ടും കളിക്കാരുടെ വേഷമിട്ട് കളം നിറഞ്ഞു കളിച്ചത്.
മൂന്ന് കളികളിലായി നടന്ന മത്സരം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോസ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സീനിയർ റഫറി ബാലകൃഷ്ണൻ ചെറിയാക്കര അധ്യക്ഷത വഹിച്ചു.
ജില്ലാ വോളിബോൾ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ ഷൈജു എളേരി, ആർപിഎസ് പ്രസിഡന്റ് പി.എം.മത്തായി, കെകെഎസ് വായനശാല സെക്രട്ടറി ടി.വി.പ്രവീൺ, സുജിത്ത് പ്ലാച്ചിക്കര, സുധികുമാർ ചെറുവത്തൂർ എന്നിവർ പ്രസംഗിച്ചു.
ജോസ് സെബാസ്റ്റ്യൻ, ഷൈജു എളേരി എന്നിവർ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.