കുണ്ടംകുഴിയില്‍ ഹാര്ഡ്വെയര് കട പൂര്‍ണമായും കത്തിനശിച്ചു
1547385
Saturday, May 3, 2025 1:53 AM IST
കുണ്ടംകുഴി: കുണ്ടംകുഴി ടൗണില്‍ തീപിടിത്തത്തില്‍ ഹാര്‍ഡ് വെയര്‍ കട പൂര്‍ണമായും കത്തിനശിച്ചു. കുണ്ടംകുഴി അമ്പലം റോഡിലെ എം.ഗോപാലന് നായരുടെ ഉടമസ്ഥതയിലുള്ള ശിവഗംഗ ഹാര്‍ഡ് വെയേഴ്സ് ആന്‍ഡ് പെയിന്റ് കടയിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ സമീപത്തെ തട്ടുകടയിലെ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തയ്യല്‍തൊഴിലാളി പുരുഷോത്തമന്റെ കൈയ്ക്ക് പൊള്ളലേറ്റു.
കടയിലുണ്ടായിരുന്ന മുഴുവന്‍ സാധനസാമഗ്രികളും കത്തിനശിച്ചു. രണ്ടുകോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. വ്യാഴാഴ്ച ഉച്ചയ്ക്കു 12ഓടെയാണ് സംഭവം. കടയ്ക്കകത്ത് വെല്‍ഡിംഗ് പ്രവൃത്തികള്‍ നടക്കുന്നതിനിടെയുണ്ടായ തീപ്പൊരി ടിന്നറിലേക്കും സ്പ്രേ പെയിന്റിലേക്കും ആളിപ്പടരുകയായിരുന്നു. മിനിറ്റുകള്‍ക്കകം തീ ആളിപ്പടര്‍ന്നു.
ഓടിക്കൂടിയവര്‍ക്ക് ഒന്നും ചെയ്യാനാവാത്ത സ്ഥിതിയായി. കുറ്റിക്കോലില്‍ നിന്നും അഗ്നിശമന സേന യൂണിറ്റുകള്‍ എത്തിയെങ്കിലും തീ ആളിപ്പടര്ന്നുകൊണ്ടേയിരുന്നു. കാസര്‍ഗോട്ടു നിന്നും അഗ്നിശമനസേനയെത്തിയതോടെയാണ് കാര്യങ്ങള്‍ നിയന്ത്രണവിധേയമായത്.
മറ്റു സ്ഥാപനങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമം വിജയിച്ചതോടെ കൂടുതല്‍ ദുരന്തം ഒഴിവായി. മൂന്നു യൂണിറ്റ് ഫയര്‍ഫോഴ്സ് മൂന്നു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്.