ബസ് ബേകളില്ല; കാത്തിരിപ്പുകേന്ദ്രങ്ങളും സർവീസ് റോഡരികിൽ
1549113
Friday, May 9, 2025 2:23 AM IST
കാസർഗോഡ്: ദേശീയപാതയുടെ ഒന്നാംറീച്ചിന്റെ നിർമാണം അവസാനഘട്ടത്തിലെത്തുമ്പോൾ സ്ഥലദൗർലഭ്യം മൂലമുണ്ടായ ഞെരുക്കം കൂടുതൽ പ്രകടമാകുന്നു. കർണാടകയിലും മറ്റും നിർമിച്ചതുപോലെ ഇവിടെ ദേശീയപാതയോരത്തെ ബസ് കാത്തിരിപ്പുകേന്ദ്രങ്ങളോടു ചേർന്ന് ബസുകൾ നിർത്തിയിടുന്നതിനായി ബസ് ബേകൾ നിർമിക്കാൻ കഴിയില്ലെന്നാണ് ദേശീയപാത അഥോറിറ്റിയുടെ തീരുമാനം. സ്ഥലപരിമിതി തന്നെയാണ് കാരണം.
പകരം സർവീസ് റോഡുകളോട് ചേർന്നു തന്നെയാകും ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ നിർമിക്കുക. ആളുകളെ ഇറക്കാനും കയറ്റാനുമായി ബസുകൾ സർവീസ് റോഡുകളിൽ തന്നെ നിർത്തേണ്ടിവരും. ഓരോ സ്റ്റോപ്പിലും നിശ്ചിതസമയം നിർത്തിയിടുന്ന ബസുകൾ സ്വതവേ വീതി കുറഞ്ഞ സർവീസ് റോഡുകളിലെ ഗതാഗതക്കുരുക്ക് ഒന്നുകൂടി വർധിപ്പിക്കുമെന്ന കാര്യവും ഉറപ്പാണ്.
തലപ്പാടി മുതൽ ചെങ്കള വരെയുള്ള ഒന്നാം റീച്ചിൽ ആകെ 77 ഇടങ്ങളിൽ ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ നിർമിക്കാനാണ് ദേശീയപാത അഥോറിറ്റിയുടെ അംഗീകാരമായിട്ടുള്ളത്. ഇതിന്റെ ആദ്യമാതൃകയായി കുമ്പള ദേവിനഗർ സ്റ്റോപ്പിൽ ഒരു ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ നിർമാണം ഏതാണ്ട് പൂർത്തിയായിട്ടുണ്ട്. 77 ഇടങ്ങളിലും ഒരേ രൂപത്തിലും വലിപ്പത്തിലുമാണ് ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ നിർമിക്കുക. സ്റ്റെയിൻലസ് സ്റ്റീൽ ഉപയോഗിച്ചാണ് നിർമാണം. യാത്രക്കാർക്ക് ഇരിക്കുന്നതിനായി നാലു മീറ്റർ നീളത്തിൽ ഒരു സ്റ്റീൽ ബെഞ്ചും സ്ഥാപിക്കും. 76 ബസ് കാത്തിരിപ്പുകേന്ദ്രങ്ങളുടെയും നിർമാണം മഴക്കാലത്തിനുമുമ്പ് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
സർവീസ് റോഡുകൾക്കരികിലായി പ്രത്യേക നടപ്പാത നിർമിക്കുമെന്നും തണൽമരങ്ങൾ വച്ചുപിടിപ്പിക്കുമെന്നും ദേശീയപാതയുടെ നിർമാണം തുടങ്ങുന്നതിനു മുമ്പ് അധികൃതർ പറഞ്ഞിരുന്നതും വെറുതേയായി. ഇനി ഇതെല്ലാം നടപ്പാക്കണമെങ്കിൽ സർവീസ് റോഡുകളോടുചേർന്ന് കൂടുതൽ സ്ഥലം ഏറ്റെടുക്കേണ്ടിവരുമെന്ന നിലയാണ്. വൈദ്യുത തൂണുകൾ പോലും മിക്കയിടങ്ങളിലും സർവീസ് റോഡുകളോട് തൊട്ടുരുമ്മിയാണ് നിൽക്കുന്നത്.