നിറമാര്‍ന്ന ഓര്‍മയായി അര്ജുന്
1548273
Tuesday, May 6, 2025 2:28 AM IST
ബേക്കല്‍: ഈ പിറന്നാളിനും മകനായി ഒരു സര്‍പ്രൈസ് സമ്മാനം അവരൊരുക്കി. വര്‍ണങ്ങള്‍ വാരിവിതറിയ ഒരു ചിത്രമതില്‍. കഴിഞ്ഞ 10 വര്‍ഷമായി ആ അച്ഛനും അമ്മയും മകന്റെ പിറന്നാള്‍ ആഘോഷിക്കുന്നത് ഇങ്ങനെയാണ്. അകാലത്തില്‍ പൊലിഞ്ഞുപോയ യുവചിത്രകാരന് അര്ജുന് കെ.ദാസിന്റെ ഓര്‍മയ്ക്കായാണ് അച്ഛന് മോഹന്‍ദാസിന്റെയും അമ്മ കരുണയുടെയും നേതൃത്വത്തില്‍ ചിത്രമതില്‍ ഒരുക്കിയത്.
കാസര്‍ഗോഡിന്റെ സാംസ്കാരിക പശ്ചാത്തലമാണ് ബേക്കല്‍ ബീച്ചിലെ ചുവരുകളില്‍ അടയാളപ്പെടുത്തിയത്. അഹമ്മദാബാദ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ വിദ്യാര്‍ത്ഥികളായ അര്‍ജുന്റെ സുഹൃത്തുക്കളും പത്തോളം ചിത്രകാരന്മാരുമാണ് വര്‍ണമതില്‍ സാക്ഷാത്കരിച്ചത്. ടൂറിസം മേഖലക്ക് കൂടി മുതല്‍ക്കൂട്ടാകുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി ബിആര്‍ഡിസിയും അണിനിരന്നു. നാലുദിവസമെടുത്താണ് ഈ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയത്.
2015നു ജൂണ്‍ 20നാണ് സിക്കിമിലെ ഗാംഗ്ടോക്കിലാണ് അര്ജുന് മരണപ്പെടുന്നത്. അതിനുശേഷംഎല്ലാ വര്‍ഷവും ജന്മദിനമായ മെയ് രണ്ടിന് എല്ലാവരും ഒത്തുകൂടും. അര്ജുന് അതുവരെ വരച്ചുതീര്‍ത്ത ചിത്രങ്ങളുടെ പ്രദര്‍ശനമായിരുന്നു ആദ്യ വര്‍ഷങ്ങളില്‍ നടന്നത്.
കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍, കോഴിക്കോട്, ഗാംഗ്ടോക്ക് എന്നിവിടങ്ങളില്‍ അര്‍ജുന്റെ ചിത്രങ്ങളുമായി ഇവരെത്തി. ചിത്രകാരന്മാരുടെ സംഗമവും കുട്ടികള്‍ക്കുള്ള മത്സരങ്ങളുമെല്ലാം അര്ജുന് ദാസ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. കഴിഞ്ഞ മൂന്നുവര്‍ഷമായി വിവിധ കേന്ദ്രങ്ങളില്‍ ചിത്രമതില്‍ ഒരുക്കുകയാണ്. കോഴിക്കോട് സരോവരം പാര്‍ക്കിലും കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് പരിസരത്തും ഇത്തരം ചിത്രമതില്‍ ഒരുക്കിയിരുന്നു.
ബേക്കല്‍ ബീച്ച് പാര്‍ക്കിലെ ചിത്രമതില്‍ സി.എച്ച്.കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജി.എസ്.പ്രദീപ് മുഖ്യാതിഥിയായിരുന്നു. ലളിതകല അക്കാദമി സെക്രട്ടറി എബി എന്‍.ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠന്, ബിആര്‍ഡിസി എംഡി പി.ഷിജിന്, അനസ് മുസ്തഫ, ബാലന് പടിയൂര്‍ എന്നിവര്‍ സംസാരിച്ചു.