മലബാര്‍ മാംഗോ ഫെസ്റ്റ് സമാപിച്ചു
1547964
Monday, May 5, 2025 1:03 AM IST
പടന്നക്കാട്: കാര്‍ഷിക കോളജില്‍ നടന്ന മലബാര്‍ മാംഗോ ഫെസ്റ്റ് സമാപിച്ചു. മാമ്പഴ വിപണനത്തോടൊപ്പം തൈവില്പനയും നല്ല രീതിയില്‍ നടന്നു. 26 ഇനങ്ങളില്‍ ഉള്ള മാമ്പഴങ്ങളാണ് വില്‍പ്പനയ്ക്കായി ഒരുക്കിയത്. ഏകദേശം എട്ടു ടണ്ണോളം മാമ്പഴമാണ് നാലു ദിവസം കൊണ്ട് വിറ്റു പോയത്.
ബംഗനപള്ളി, സിന്ദൂരം, മൂവാണ്ടന്‍, കേസര്‍, നീലം മുതലായവയ്ക്ക് മേളയില്‍ ആവശ്യക്കാര്‍ ഏറെയായിരുന്നു. വിത്തിനങ്ങളില്‍ കോളജിന്റെ തനതായ വെറൈറ്റി ഫിറാംഗിക്കും എക്സോട്ടിക് വെറൈറ്റി ആയ അഭിയുവും മേളയില്‍ താരമായി മാറി. കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.ബി.അശോക് ഫെസ്റ്റ് സന്ദര്‍ശിച്ചു.
ഫെസ്റ്റിനെ ആദ്യം യൂണിവേഴ്സിറ്റി തലത്തിലേക്കും പിന്നീട് ദക്ഷിണേന്ത്യയെ മുഴുവനായി ആകര്‍ഷിക്കുന്ന മാംഗോ ആന്‍ഡ് എക്സോട്ടിക് ഫ്രൂട്ട് ഫെസ്റ്റായും വളര്‍ത്താനുള്ള സാധ്യതകളെപ്പറ്റി ആലോചിക്കുന്നുണ്ടെന്ന് ഡോ.ബി.അശോക് പറഞ്ഞു.
ലോക ബാങ്കിന്റെയും മറ്റു വിപണന സാധ്യതകളിലൂടെയുള്ള ഫണ്ടിംഗിലൂടെയും മാംഗോ ഫെസ്റ്റിനെ ഒരു നാഷണല്‍ അഗ്രികള്‍ച്ചര്‍ ഇവന്റ് എന്ന രീതിയില്‍ വളര്‍ത്തിയെടുക്കുന്നതിനുള്ള സാധ്യതകള്‍ തിരയുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ വര്‍ഷങ്ങളായി നടന്നുവരുന്ന നാഷണല്‍ മാംഗോ ഫെസ്റ്റിവല്‍ മോഡലിലേക്ക് ഫെസ്റ്റിനെ ഘട്ടംഘട്ടമായി ഉയര്‍ത്തി കൊണ്ടുവരാമെന്നും അതിനുള്ള നടപടികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും വൈസ് ചാന്‍സിലര്‍ അറിയിച്ചു.
മൂന്നുമണിക്കൂറോളം കോളജില്‍ ചെലവഴിച്ച അദ്ദേഹം മാമ്പഴ രുചി ഭേദങ്ങള്‍ ആസ്വദിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.