ടോള്‍ഗേറ്റ് സ്ഥാപിക്കാനുള്ള നടപടികള്‍ നിര്‍ത്തിവയ്ക്കണം: ജില്ലാ വികസന സമിതി
1547966
Monday, May 5, 2025 1:03 AM IST
കാസർഗോഡ്: ദേശീയപാതയുടെ ആദ്യ റീച്ച് പൂർത്തിയാകുമ്പോൾ തലപ്പാടിക്കൊപ്പം കുമ്പളയില്‍ കൂടി ടോള്‍ഗേറ്റ് സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് എ.കെ.എം. അഷ്റഫ് എംഎല്‍എ അവതരിപ്പിച്ച പ്രമേയത്തെ ജില്ലയിലെ മറ്റ് എംഎല്‍എമാരും പിന്തുണച്ചു.
ഒരു ടോൾ ഗേറ്റിന്റെ 60 കിലോമീറ്റർ ദൂരത്തിനുള്ളില്‍ വീണ്ടും ടോള്‍ പിരിക്കില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചതാണെന്നും ഇതിന് വിരുദ്ധമായാണ് ദേശീയപാത അഥോറിറ്റി തലപ്പാടിയിൽ നിന്ന് 20 കിലോമീറ്റർ മാത്രം അകലെയുള്ള കുമ്പളയിൽ ടോള്‍ പിരിക്കാനിറങ്ങുന്നതെന്നും യോഗം ചൂണ്ടിക്കാട്ടി.
ജില്ലാ വികസനസമിതി യോഗം അംഗീകരിച്ച പ്രമേയം സംസ്ഥാന സര്‍ക്കാരിനും ദേശീയപാത അഥോറിറ്റിയ്ക്കും അയച്ചു കൊടുക്കുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച കളക്ടര്‍ കെ.ഇമ്പശേഖര്‍ അറിയിച്ചു.
പുതിയ ദേശീയപാതയിൽ വിവിധ നിയോജക മണ്ഡലങ്ങളുടെ പരിധിയിൽ ആവശ്യമുള്ള ഫൂട്ട് ഓവര്‍ ബ്രിഡ്ജുകളുടെ പട്ടിക ജില്ലാ കളക്ടര്‍ മുഖേന ദേശീയപാത അഥോറിറ്റിയെ അറിയിക്കാനും തീരുമാനിച്ചു. പടന്നക്കാട് റെയില്‍വേ മേല്‍പാലത്തിന് മുകളില്‍ ആറ് മാസത്തിനകം റീ ടാറിംഗ് നടത്താനും ദേശീയപാത അഥോറിറ്റിക്ക് നിര്‍ദേശം നല്കി.
ഡോക്ടർമാരുടെ കുറവ്
പരിഹരിക്കണം
ജില്ലയിലെ സർക്കാർ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കണമെന്ന് എ.കെ.എം. അഷ്റഫ് എംഎല്‍എ യോഗത്തിൽ ആവശ്യപ്പെട്ടു. മംഗല്പാടി ഗവ.താലൂക്ക് ആശുപത്രിയില്‍ ജീവനക്കാരുടെ അഭാവം കാരണം രാത്രികാലസേവനം തടസപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ജില്ലയില്‍ ആകെ 324 ഡോക്ടര്‍മാരുടെ തസ്തികകളാണുള്ളതെന്നും ഇതില്‍ 88 എണ്ണം നിലവിൽ ഒഴിഞ്ഞുകിടക്കുകയാണെന്നും യോഗത്തിൽ പങ്കെടുത്ത ഡെപ്യൂട്ടി ഡിഎംഒ അറിയിച്ചു. അഡ്ഹോക് നിയമനങ്ങള്‍ ലഭിക്കുന്നവര്‍ വടക്കന്‍ മേഖലയിൽ ജോലി ചെയ്യാന്‍ തയ്യാറാകാത്തതാണ് പ്രശ്നമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. മതിയായ യോഗ്യതയുള്ളവരെ ജില്ലയില്‍ നിന്നുതന്നെ കണ്ടെത്തുകയാണ് ഇതിന് പരിഹാരമെന്ന് യോഗം വിലയിരുത്തി.
പുതിയ ബസ് റൂട്ടുകളും
ഫെയര്‍ സ്റ്റേജുകളും
ജില്ലയില്‍ പുതിയ ബസ് റൂട്ടുകളും ഫെയര്‍ സ്റ്റേജുകളും സംബന്ധിച്ച തീരുമാനം നടപ്പിലാക്കണമെന്ന് ഇ.ചന്ദ്രശേഖരന് എംഎല്‍എ ആവശ്യപ്പെട്ടു. ആര്‍ടിഎ യോഗത്തില്‍ 54 ബസ്പെര്മിറ്റുകള്ക്കുള്ള അപേക്ഷകളും ജില്ലയിലെ ഫെയര്‍ സ്റ്റേജ് സംബന്ധിച്ച വിഷയങ്ങളും ചര്‍ച്ച ചെയ്തിരുന്നുവെന്നും ഇത് നടപ്പിലാക്കാന്‍ അടിയന്തിര ഇടപെടല്‍ ആവശ്യമാണെന്നും എംഎല്‍എ പറഞ്ഞു.
ഗതാഗതമന്ത്രിയുടെ നിർദേശപ്രകാരം എല്ലാ മണ്ഡലങ്ങളിലും എംഎൽഎമാരുടെ അധ്യക്ഷതയിൽ പ്രത്യേക യോഗങ്ങൾ ചേർന്നിരുന്നു. അതുപ്രകാരമാണ് വിവിധ പ്രദേശങ്ങളിൽ ആവശ്യമുള്ള ബസ് പെർമിറ്റുകൾക്ക് സംബന്ധിച്ച നിർദേശങ്ങൾ നല്‍കിയത്. എന്നാൽ ഇത് ആർടിഎ യോഗം പരിഗണിച്ചിട്ടില്ലെന്നും എംഎൽഎ ചൂണ്ടിക്കാട്ടി.
എൽപിഎസ്ടി, യുപിഎസ്ടി
ഒഴിവുകളിൽ നിയമനം
ജില്ലയിൽ എല്‍പിഎസ്ടി, യുപിഎസ്ടി, എല്‍ഡിസി തസ്തികളിലേക്കുള്ള പി എസ് സി ലിസ്റ്റുകളുടെ കാലാവധി അവസാനിക്കാനിരിക്കേ നിലവിൽ ഒഴിവുള്ള തസ്തികകളിൽ നിയമനം നടത്തുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഇ.ചന്ദ്രശേഖരന് എംഎല്‍എ ആവശ്യപ്പെട്ടു.
ബേഡഡുക്ക ആട് ഫാം
അടുത്ത മാസം ഉദ്ഘാടനം
ബേഡഡുക്കയിലെ നിർദിഷ്ട ആട് ഫാം അടുത്ത മാസം ഉദ്ഘാടനം ചെയ്യുമെന്നും അതിന് മുന്നോടിയായി അനുബന്ധ പ്രവൃത്തികൾ ത്വരിതപ്പെടുത്തണമെന്നും സി.എച്ച്. കുഞ്ഞമ്പു എംഎല്‍എ ജില്ലാ വികസനസമിതി യോഗത്തിൽ പറഞ്ഞു. ആട് ഫാമിന്റെ നിർമാണ്രവൃത്തികൾ പൂര്‍ത്തീകരിച്ചതായും അതിന്റെ തുക അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായും കാസര്‍ഗോഡ് വികസന പാക്കേജ് സ്പെഷ്യല്‍ ഓഫീസര്‍ അറിയിച്ചു.
ആവശ്യമായ ജീവനക്കാരെ നിയമിക്കല്‍, വാഹനം ലഭ്യമാക്കല്‍, ഫാം ഓഫീസിലേക്ക് ഫര്‍ണിച്ചറുകളും കമ്പ്യൂട്ടറുകളും ലഭ്യമാക്കല്‍ എന്നിവയ്ക്കായി ഡയറക്ടറേറ്റിലേക്ക് പ്രപ്പോസല്‍ നല്‍കിയിട്ടുണ്ടെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.
ഫാമിലേക്ക് കാഷ്വല്‍ തൊഴിലാളികളെ നിയമിക്കുന്നതിനായി ലഭിച്ച അന്‍പതോളം അപേക്ഷകള്‍ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ടവർക്ക് അയച്ചുകൊടുത്തതായും അദ്ദേഹം അറിയിച്ചു.
ദേശീയപാതകൾ തമ്മില്‍
ബന്ധിപ്പിക്കും
ചെറുവത്തൂർ മട്ടലായിക്കുന്നില്‍ പഴയ ദേശീയപാതയും പുതിയതും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രവൃത്തി ഈ മാസം 31 നകം പൂര്‍ത്തീകരിക്കുമെന്ന് നിര്‍മാണ കരാർ കമ്പനിയായ മേഘ എൻജിനീയറിംഗിന്റെ പ്രതിനിധികൾ ജില്ലാ വികസന സമിതി യോഗത്തില്‍ ഉറപ്പുനല്‍കി.
ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത വിധത്തിൽ മഴക്കാലത്തിനു മുമ്പ് പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ സാധിക്കണമെന്ന് എം.രാജഗോപാലന്‍ എംഎല്‍എ നിർദേശിച്ചു.
ഉപ്പുവെള്ളം കയറുന്നത്
തടയാൻ കരിങ്കൽഭിത്തി
നീലേശ്വരം നഗരസഭയിലെ തൈക്കടപ്പുറം, അഴിത്തല പ്രദേശങ്ങളിൽ ഉപ്പുവെള്ളം കയറുന്നത് തടയാൻ 2.20 കോടി രൂപ ചെലവിൽ കരിങ്കല്‍ ഭിത്തി നിര്‍മിക്കാൻ നിർദേശം സമർപ്പിച്ചിട്ടുണ്ടെന്ന് ജലവിഭവ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയര്‍ യോഗത്തിൽ അറിയിച്ചു.