പാലാവയലിൽ വീണ്ടും കാറ്റിൽ വ്യാപക നാശം
1547383
Saturday, May 3, 2025 1:53 AM IST
പാലാവയൽ: പാലാവയലിൽ ഒരു മാസത്തിനിടെ കാറ്റിലും മഴയിലും വീണ്ടും വ്യാപകനാശം. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ വേനൽമഴയ്ക്കൊപ്പമുണ്ടായ കാറ്റിൽ സെന്റ് ജോൺസ് പള്ളിവക സ്ഥലത്തെ നൂറോളം റബർ മരങ്ങൾ ഒടിഞ്ഞും കടപുഴകിയും വീണു. രണ്ട് തെങ്ങുകളും ഒടിഞ്ഞുവീണു.
കഴിഞ്ഞ മാസത്തെ കാറ്റിലും ഇവിടെ റബർ മരങ്ങൾ നശിച്ചിരുന്നു. സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കുൾ കെട്ടിടത്തിന്റെ നിരവധി ഓടുകൾ കാറ്റിൽ ഇളകിവീണു. പൗലോസ് അന്ത്യാംകുളം, സന്തോഷ് റോസ് വില്ല എന്നിവരുടെ പറമ്പിലെ മാവുകൾ പൊട്ടിവീണു.
സെന്റ് ജോൺസ് എൽപി സ്കൂൾ മൈതാനത്ത് ഞായറാഴ്ച ദർശന ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കണ്ണർ-കാസർഗോഡ് ജില്ലാ വടംവലി മത്സരത്തിനായി നിർമിച്ച പന്തൽ തകർന്നു. മരങ്ങൾ വീണ് പല റോഡുകളിലും ഗതാഗതം മുടങ്ങി.
പെരിങ്ങോത്ത് നിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചത്.