കാഴ്ചയും രുചിഭേദങ്ങളുമായി മനസുനിറച്ച് മാംഗോ ഫെസ്റ്റ്
1547386
Saturday, May 3, 2025 1:53 AM IST
കാഞ്ഞങ്ങാട്: മാമ്പഴ സമൃദ്ധിയുടെയും ആധുനിക കാര്‍ഷിക സംവിധാനങ്ങളുടെയും നേര്‍ക്കാഴ്ചകളും അറിവുകളുമായി കാഴ്ചക്കാരുടെ മനസുനിറച്ച് പടന്നക്കാട് കാര്‍ഷിക കോളജില്‍ നടക്കുന്ന മലബാര്‍ മാംഗോ ഫെസ്റ്റ് രണ്ടുദിവസം പിന്നിട്ടു. പ്രവൃത്തി ദിനമായിട്ടുപോലും മേളയില്‍ ആദ്യദിനത്തിലെ പോലെ തന്നെ തിരക്ക് അനുഭവപ്പെട്ടു.
മേളയില്‍ ചക്കരക്കുട്ടി, അല്‍ഫോന്‍സോ, ഹിമാപസന്ത്, കാലാപാടി, കേസര്‍, മല്‍ഗോവ, മാണിക്യം, കുരങ്ങ് മല്‍ഗോവ, മല്ലിക , ബംഗനപള്ളി, സിന്ദൂരം, നീലം, ഗുദാദ്, മൂവാണ്ടന്‍, നടശാല, ദില്‍പസന്ത്, ലഡു, പഞ്ചവര്‍ണം, റുമാനി, പ്രിയൂര്,ബാംഗ്ലോര, കുറ്റിയാട്ടൂര്‍ എന്നിവയാണ് വില്‍പ്പനയ്ക്കായി ഒരുക്കിയിരുന്നത്. മേളയില്‍ രണ്ടുദിനം പിന്നിടുമ്പോള്‍ രണ്ടു ടണ്ണോളം മാങ്ങ വിറ്റുപോയി. ബംഗനപ്പള്ളി, പഞ്ചവര്‍ണം, കുറ്റിയാട്ടൂര്‍, നടശാല, ഹിമാപസന്ത് തുടങ്ങിയവയ്ക്ക് ആവശ്യക്കാര്‍ ഏറി.
തൈവില്‍പ്പന നഗരിയില്‍ മാവിനങ്ങളായ ഫിറാങ്കിലുടുവ, മെര്‍ക്കുറി, ചന്ദ്രക്കാരന്‍ മുതലായവയ്ക്കും പ്ലാവിനങ്ങളില്‍ വിയറ്റ്നാം ഏര്ലിയ്ക്കും ആവശ്യക്കാര്‍ വളരെയധികം ആയിരുന്നു. കുട്ടികള്‍ തന്നെ തയ്യാറാക്കുന്ന ഫുഡ് കോര്‍ട്ട് മേളയിലെ ഉപയോക്താക്കളുടെ ദാഹവും വിശപ്പും അകറ്റുന്നതില്‍ മുന്നിട്ടുനിന്നു. മാമ്പഴത്തിന്റെ പാനീയങ്ങളും ലഘുഭക്ഷണങ്ങളായ മക്രോണി, മോമോസ് തുടങ്ങിയവയുടെ വില്‍പ്പന നല്ല രീതിയില്‍ നടന്നു.കൃഷിസംബന്ധമായ സംശയങ്ങള്‍ക്ക് മറുപടി നല്കാന് കാര്‍ഷിക കോളജ് വിദ്യാര്‍ഥികള്‍ നയിച്ച അഗ്രോ ക്ലിനിക്കിന്റെ സേവനവും മേളയില്‍ ലഭ്യമാക്കിയിട്ടുണ്ട്.
എക്സൈസ് വകുപ്പിന്റെ വിമുക്തി പദ്ധതിയുമായി സഹകരിച്ച് മാമ്പഴമാകട്ടെ ലഹരി എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഇത്തവണ മാംഗോ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഫെസ്റ്റിന് മുന്നോടിയായി കാര്‍ഷിക കോളജും നീലേശ്വരം സ്പോര്‍ട്സ് ക്ലബും ചേര്‍ന്ന് തൈക്കടപ്പുറം മുതല്‍ നീലേശ്വരം വരെ സംഘടിപ്പിച്ച മാരത്തണില്‍ മുഹമ്മദ് സാഹിര്‍, ചന്ദ്രന്, നിതിന്‍ ബേബി എന്നിവര്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ലഹരിവിരുദ്ധ പ്രതിജ്ഞയും നടത്തി.
കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് ഫെസ്റ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കാര്‍ഷിക കോളജ് ഡീന്‍ ഡോ.സജിതാ റാണി അധ്യക്ഷത വഹിച്ചു.
ഫെസ്റ്റിന്റെ ആദ്യദിനത്തില്‍ നാളികേരത്തില്‍ നിന്നുള്ള മൂല്യവർധിത സാധ്യതകള്‍ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ കണ്ണൂര്‍ കൃഷി വിജ്ഞാനകേന്ദ്രത്തിലെ അി. പ്രഫസര്‍ ഡോ. എലിസബത്ത് ജോസഫ് ക്ലാസ് നയിച്ചു. കൂണ്‍കൃഷിയും മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മാണവും എന്ന വിഷയത്തില്‍ ഇന്നലെ നടന്ന സെമിനാറില്‍ ഡോ.പി.കെ.സജീഷ്, ഡോ.വി.കൃഷ്ണശ്രീ എന്നിവര്‍ ക്ലാസ് നയിച്ചു.
ഇന്ന് രാവിലെ 10നു സംയോജിത തെങ്ങുകൃഷി - പരിചരണം, വളപ്രയോഗം, രോഗകീടനിയന്ത്രണം എന്ന വിഷയത്തില്‍ ഡോ.കെ.എം.ശ്രീകുമാര്‍, ഡോ.പി.കെ.സജീഷ്, ഡോ.എന്‍.കെ.ബിനിത എന്നിവരും ആടുവളര്‍ത്തല്‍ എന്ന വിഷയത്തില്‍ ഡോ.ടി.ഗിഗിനും നാളെ രാവിലെ 10.30നു സംരംഭകത്വ വികസനം എന്ന വിഷയത്തില്‍ ഡോ.എന്‍.ഷംനയും ക്ലാസ് നയിക്കും. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്ക്ക് 8590398913, 9061448726 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. ഫെസ്റ്റ് ഇന്നും നാളെയും തുടരും.