മലയോരത്തേക്കുള്ള സമാന്തരപാതയിലെ ആദ്യ പാലം പൂർത്തിയായി
1460769
Saturday, October 12, 2024 5:34 AM IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നിന്ന് പടന്നക്കാട്, കൂലോംറോഡ്, കാലിച്ചാനടുക്കം വഴി വെള്ളരിക്കുണ്ടിലേക്ക് നിർമിക്കുന്ന സമാന്തരപാതയിലെ ആദ്യ പാലം മടിക്കൈ പുളിക്കാലിൽ പൂർത്തിയായി. പദ്ധതിയുടെ ഭാഗമായി കാലിച്ചാനടുക്കം ആനപ്പെട്ടിയിലും പരപ്പ ബാനത്തും കൂടി പുതിയ പാലങ്ങൾ വരും. നിലവിലുള്ള ഗ്രാമീണ റോഡുകളുടെ വീതി കൂട്ടിയും കയറ്റവും വളവും കുറച്ചുമാണ് പുതിയ പാത നിർമിക്കുന്നത്.
2018 ലെ സംസ്ഥാന ബജറ്റിൽ 60 കോടി രൂപയാണ് പുതിയ പാത നിർമിക്കാനായി അനുവദിച്ചിരുന്നത്. ഇപ്പോൾ അടങ്കൽ തുക 79 കോടിയായി ഉയർത്തിയിട്ടുണ്ട്. കാഞ്ഞങ്ങാട് നഗരസഭയിൽ നിന്ന് തുടങ്ങി മടിക്കൈ, കോടോം ബേളൂർ, കിനാനൂർ കരിന്തളം പഞ്ചായത്തുകളിലൂടെയാണ് പാത കടന്നുപോകുന്നത്.
കാഞ്ഞങ്ങാട് നഗരസഭയിലെ പടന്നക്കാട്ട് നിന്ന് തുടങ്ങി നമ്പ്യാർക്കാൽ, ഉപ്പിലിക്കൈ, ചതുരക്കിണർ, കൂലോം റോഡ്, മൂന്ന് റോഡ്, മയ്യങ്ങാനം പാലം വഴി കാലിച്ചാനടുക്കം ടൗണിലേക്കും അവിടെനിന്ന് ആനപ്പെട്ടി, ബാനം, പന്നിത്തടം വഴി വെള്ളരിക്കുണ്ടിലേക്കും എത്തുന്ന വിധത്തിലാണ് പുതിയ പാതയ്ക്ക് രൂപരേഖ തയാറാക്കിയിട്ടുള്ളത്. ആകെ 32 കിലോമീറ്ററാണ് ദൂരം. മലയോരത്തേക്ക് സമാന്തരപാത തുറക്കുന്നതിനൊപ്പം പാത കടന്നുപോകുന്ന വഴിയിലെ ഉൾപ്രദേശങ്ങളുടെ വികസനത്തിനും ഇത് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.
പദ്ധതിയുടെ ആദ്യഘട്ടമായി 3.29 കോടി രൂപ ചെലവിലാണ് പുളിക്കാലിൽ പുതിയ പാലം നിർമിച്ചത്. നിലവിലുള്ള നീലേശ്വരം-എരിക്കുളം-കാഞ്ഞിരപ്പൊയിൽ റോഡിൽ പുളിക്കാൽ തോടിന് കുറുകെയാണ് പുതിയ പാലം. നേരത്തേ ഇവിടെയുണ്ടായിരുന്ന ക്രോസ്ബാർ കം ബ്രിഡ്ജ് പൊളിച്ചുമാറ്റിയാണ് പാലം നിർമിച്ചത്.
പുതിയ പാലത്തിലേക്കുള്ള സമീപന റോഡിന്റെ ടാറിംഗ് ജോലികളാണ് ഇനി പൂർത്തിയാകാനുള്ളത്. അതു കഴിഞ്ഞാലുടൻ പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന് മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത അറിയിച്ചു.