കുട്ടിയുടെ ഞരമ്പ് മാറി മുറിച്ച സംഭവം :നോട്ടുമാലയും ചെരിപ്പുമാലയുമായി പ്രതിഷേധം
1460617
Friday, October 11, 2024 7:28 AM IST
കാഞ്ഞങ്ങാട്: ജില്ല ആശുപത്രിയിലെ ഡോക്ടറുടെ അനാസ്ഥ കാരണം ശസ്ത്രക്രിയക്കിടയില്‍ വിദ്യര്‍ഥിയുടെ കാലിലെ ഞരമ്പ് അറ്റുപോയ സംഭവത്തിലും ചികിത്സയ്ക്കായി ഡോക്ടര്‍മാര്‍ കൈക്കൂലി വാങ്ങുന്നതിലും പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ ആശുപത്രിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.
പ്രതിഷേധ സൂചകമായി ഡോക്ടര്‍മാര്‍ക്ക് നല്കാന് നോട്ടുമാലയുമായാണ് പ്രവര്‍ത്തകര്‍ ആശുപത്രില്‍ എത്തിയത്. സംസ്ഥാന ജനറല്‍ സെക്രട്ടറി ജോമോന് ജോസ് ഉദ്ഘാടനം ചെയ്തു.
കൈക്കൂലി വാങ്ങുന്ന ഡോക്ടര്‍മാരെ തെരുവില്‍ നേരിടുമെന്നും സര്‍വീസില്‍ തുടരാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമേഖലയുടെ കെടുകാകാര്യസ്ഥതയാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമെന്നും ജോമോന് പറഞ്ഞു. വൈസ് പ്രസിഡന്റ് രാജേഷ് തമ്പാന് അധ്യക്ഷത വഹിച്ചു. ഷോണി കെ. തോമസ്, വിനോദ് കപ്പിത്താന്, മാര്ട്ടിന് ജോര്‍ജ്, അക്ഷയ എസ്.ബാലന്, മാര്ട്ടിന് ഏബ്രഹാം, രോഹിത് എറുവാട്ട്, ഷിബിന്‍ ഉപ്പിലിക്കൈ എന്നിവര്‍ പ്രസംഗിച്ചു.
മുസ്ലിം യൂത്ത് ലീഗ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ ആശുപത്രിയില്‍ ഡിഎംഒയെ ഉപരോധിച്ചു. ആദിനാഥിന്റെ ജീവന് തന്നെ ഭീഷണിയായ നിലയില്‍ ചികിത്സ പിഴവ് നടത്തിയ ഡോക്ടര്‍ക്കെതിരെ ചെരുപ്പ് മാലയുമായാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍, സെക്രട്ടറി എം.പി. നൗഷാദ്, നദീര്‍ കൊത്തിക്കാല്‍, റമീസ് ആറങ്ങാടി, സലാം മീനാപ്പിസ്, സിദ്ദിഖ് ഞാണിക്കവ് എന്നിവര്‍ നേതൃത്വം നല്കി.
ജില്ലാ ആശുപത്രിയില്‍ ചികിത്സാ പിഴവിനെതിരെ എഐവൈഎഫ് പ്രവര്‍ത്തകര്‍ ജില്ലാ മെഡിക്കല്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ഓപ്പറേഷന് നേതൃത്വം നല്കിയ ആരോപണ വിധേയനായ ഡോക്ടറെ സസ്പെന്‍ഡ് ചെയുക, രോഗിക്ക് ആവശ്യമായ വിദഗ്ധ ചികിത്സ സൗജന്യമായി നല്‍കുക, കൈക്കൂലിക്കാരെ സര്‍വ്വീസില്‍നിന്ന് പിരിച്ചു വിടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്.
ജില്ലാ മെഡിക്കല്‍ ഓഫീസില്‍ തെളിവെടുപ്പ് നടക്കുന്ന മുറിക്ക് പുറത്ത് പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. തുടര്‍ന്ന് ഡപ്യൂട്ടി ഡിഎംഒ അന്വേഷണ കമിറ്റി അംഗങ്ങള്‍ എന്നിവരുമായി ചര്‍ച്ച നടത്തി ഉന്നയിച്ച കാര്യങ്ങള്‍ ഗൗരവമായി പരിഗണിക്കുമെന്നുള്ള ഉറപ്പിന്റെ അടിസ്ഥാനത്തില്‍ സമരം അവസാനിപ്പിച്ചു. സമരത്തിന് ജില്ലാ സെക്രട്ടറി എം. ശ്രീജിത്, സംസ്ഥാന കമ്മിറ്റി അംഗം ധനീഷ് ബിരിക്കുളം, ജിനുശങ്കര്‍, പ്രകാശന് പള്ളിക്കാപ്പില്‍, ശ്രീനാഥ് മാക്കി, രാഹുല്‍ വെളളിക്കോത്ത് എന്നിവര്‍ നേതൃത്വം നല്കി.
കുട്ടിയുടെ തുടര്‍ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കണം: കോണ്‍ഗ്രസ്
കാഞ്ഞങ്ങാട്: ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള ജില്ലാ ആശുപത്രിയില്‍ ഡോക്ടറുടെ അനാസ്ഥയില്‍ ഒരു കുടുംബം അനുഭവിക്കുന്ന ദുരിതത്തിന് ആര് സമാധാനം പറയുമെന്നും ജില്ലാ ആശുപത്രിയില്‍ നിരവധി തവണ ഇതുപോലെയുള്ള സംഭവങ്ങള്‍ നടന്നിട്ടുണ്ടെന്നും ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍. കുറ്റക്കാരനായ ഡോക്ടറെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാന്‍ ആരോഗ്യമന്ത്രി തയാറാകണമെന്നും കുട്ടിയുടെ തുടര്‍ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍ ആവശ്യപ്പെട്ടു.