ചെങ്കല്‍ ക്വാറി ഉടമകള്‍ പ്രക്ഷോഭത്തിലേക്ക്
1452898
Friday, September 13, 2024 1:30 AM IST
കാസര്‍ഗോഡ്: ചെങ്കല്‍ ക്വാറികള്‍ക്ക് പെര്‍മിറ്റ് അനുവദിക്കാതെ, പെര്‍മിറ്റിന്റെ പേരില്‍ ലക്ഷകണക്കിന് പിഴ ചുമത്തുന്നതായി ക്വാറി ഉടമകള്‍ ആരോപിച്ചു. നിര്‍മാണ മേഖലയ്ക്ക് അത്യാവശ്യമായ ചെങ്കല്ല് കൊണ്ട് പോകുന്ന വണ്ടികളെ പിഴ ചുമത്തി വിട്ട് നല്‍കാതെ മാസങ്ങളോളം വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസുകളിലും വച്ച് നിരന്തരം ബുദ്ധിമുട്ടിക്കുന്നു.
എന്നാല്‍ മറ്റു ജില്ലകളിലൊക്കെ പിടിച്ചെടുത്ത വണ്ടികള്‍ ജില്ല ജിയോളജിസ്റ്റിന് കൈമാറി പിഴ ചുമത്തി രണ്ടോ മൂന്നോ ദിവസം കൊണ്ട് വിട്ട് നല്കുന്നു. വണ്ടികള്‍ മാസങ്ങളോളം വില്ലേജ് ഓഫീസിലും താലൂക്ക് ഓഫീസുകളിലും പിടിച്ചുവെക്കുന്നത് കൊണ്ട് പ്രതിമാസം ലോണ്‍ അടവ് കൂടി അടയ്ക്കാന്‍ പറ്റാതെയും,അതില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് തൊഴിലില്ലാതെയും ആത്മഹത്യയുടെ വക്കിലെത്തിച്ചേരുന്നു.
കാസര്‍ഗോഡ് ജില്ലയില്‍ മാത്രമുള്ള ഇത്തരം പീഡനങ്ങള്‍ക്ക് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു തീരുമാനവും ആയിട്ടില്ല. ജില്ല കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടും പരിഹാരം കാണാത്തതിനാല്‍ ജില്ലയിലെ മുഴുവന്‍ ചെങ്കല്ല് ക്വാറികളും നിര്‍ത്തിവെച്ച് തൊഴിലാളികളും തൊഴിലുടമകളും 16 മുതല്‍ അനിശ്ചിത കാല സമരത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.
ഇതിന്റെ ഭാഗമായി 19നു കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുവാനും 20 മുതല്‍ കളക്ടറേറ്റ് പരിസരത്ത് അനിശ്ചിതകാല റിലേ നിരാഹാര സമരം നടത്തുവാനും തീരുമാനിച്ചു.
പത്രസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് നാരായണന് കൊളത്തൂര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഹുസൈന് ബേര്‍ക്ക, ട്രഷറർ എം. വിനോദ്കുമാര്‍, എം.പി. ഉമ്മര്‍ എന്നിവര്‍ സംബന്ധിച്ചു.