സേവനം ജീവിതമാക്കിയ കൊച്ചേട്ടന്
1430323
Thursday, June 20, 2024 1:28 AM IST
കാഞ്ഞിരടുക്കം: കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിലാണ് ഏബ്രഹാം തോണക്കര തന്റെ രാഷ്ട്രീയജീവിതത്തിന്റെ ഭൂരിഭാഗം കാലവും പ്രവര്‍ത്തിച്ചത്. ജില്ലയിലെ ചെറിയ രാഷ്ട്രീയകക്ഷികളില്‍ ഒന്നായിട്ടാണ് അന്നും ഇന്നും ഈ പാര്‍ട്ടി കണക്കാക്കപ്പെടുന്നത്. എന്നാല്‍ കാഞ്ഞിരടുക്കത്തെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങളുടെ മനസില്‍ ഏബ്രഹാം തോണക്കര എന്ന കൊച്ചേട്ടനുള്ള സ്ഥാനം വളരെ വലുതായിരുന്നു.
ഏതു രാഷ്ട്രീയപാര്‍ട്ടിയില്‍ പെട്ടവരാണെങ്കിലും സര്‍ക്കാര്‍ ഓഫീസുകളിലെയോ പോലീസ് സ്റ്റേഷനിലെയോ തുടങ്ങി തങ്ങളുടെ എന്താവശ്യങ്ങള്‍ക്കും ആദ്യം ഓടിയെത്തിയിരുന്നത് വലിയ പാര്‍ട്ടികളിലെ നേതാക്കളുടെ അടുക്കലേക്കായിരുന്നില്ല,
മറിച്ച് കൊച്ചേട്ടന്റെ അടുക്കലേക്കായിരുന്നു. കക്ഷിരാഷ്ട്രീയഭേദമന്യേ തനിക്ക് പറ്റാവുന്ന സഹായം യാതൊരു പ്രതിഫലവും വാങ്ങാതെ കൊച്ചേട്ടന് എല്ലാവര്ക്കും ചെയ്തുകൊടുത്തു. നാടിന്റെയും നാട്ടുകാരുടെയും ആവശ്യങ്ങള്‍ക്കായി രാപകല്‍ ഭേദമന്യേ പ്രവര്‍ത്തിക്കാന്‍ യാതൊരു മടിയുമുണ്ടായിരുന്നില്ല. സദാ പുഞ്ചിരി തുളുമ്പുന്ന മുഖത്തോടെയല്ലാതെ ആരും അദ്ദേഹത്തെ കണ്ടിട്ടുണ്ടാവില്ല. കൊച്ചേട്ടന്റെ സൗമ്യമായ പെരുമാറ്റം രാഷ്ട്രീയത്തിനതീതമായ സ്വീകാര്യത അദ്ദേഹത്തിനു നേടിക്കൊടുത്തു.
യൂത്ത് ഫ്രണ്ട് ജേക്കബ് വിഭാഗം ജില്ലാ പ്രസിഡന്റായാണ് അദ്ദേഹം രാഷ്ട്രീയജീവിതം ആരംഭിക്കുന്നത്. പിന്നീട് കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചു. അടുത്തിടെയാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ ചേര്‍ന്നത്. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായതോടെ കുറച്ചു നാളായി സജീവരാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. യുഡിഎഫ് ജില്ലാ ചെയര്മാന് കല്ലട്ര മാഹിന്‍ ഹാജി, കണ്‍വീനര്‍ എ.ഗോവിന്ദന് നായര്‍, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫ് എന്നിവര്‍ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന കാഞ്ഞങ്ങാട് ഐഷാല്‍ മെഡിസിറ്റിയിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.