മുൻവർഷങ്ങളിലെ പണത്തിനായി പിന്നെയും അലച്ചിൽ; ക്ലച്ച് പിടിക്കാതെ വിദ്യാവാഹിനി
1428955
Thursday, June 13, 2024 1:51 AM IST
കൊന്നക്കാട്: ആദിവാസി മേഖലകളിൽ നിന്നും കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിനുള്ള വിദ്യാവാഹിനി പദ്ധതി വീണ്ടും പാളുന്നു. അധ്യയനവർഷം ആരംഭിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും ഈ വർഷം പദ്ധതി പ്രകാരമുള്ള വാഹനങ്ങൾ ഓടിത്തുടങ്ങിയിട്ടില്ല. പട്ടികവർഗ വകുപ്പ് വാഹനങ്ങൾക്കായി ക്വട്ടേഷൻ വിളിക്കുന്നതിനുള്ള നടപടിക്രമങ്ങൾ തുടങ്ങിയിട്ടുണ്ടെങ്കിലും മുൻവർഷങ്ങളിലെ പ്രതിഫലം കിട്ടാതെ കൈയിൽനിന്നും പണം ചെലവാക്കി ഇനിയും ഓടാനാവില്ലെന്ന നിലപാടിലാണ് ഡ്രൈവർമാർ.
2021-23 കാലഘട്ടത്തിൽ അധ്യയനദിവസങ്ങൾ മാത്രം എണ്ണിക്കണക്കാക്കി പണം നല്കിയപ്പോൾ മാർച്ച് മാസത്തിൽ എസ്എസ്എൽസി പരീക്ഷ എഴുതാനുള്ള കുട്ടികളെ കൊണ്ടുവന്നതിനുള്ള ചെലവ് പോലും സ്വന്തം കൈയിൽനിന്നും എടുക്കേണ്ടിവന്നതായി ഇവർ പറയുന്നു. ഡീസലടിക്കാനുള്ള പണം പോലും ലഭിച്ചില്ല. കഴിഞ്ഞ അധ്യയനവർഷം ഒടുവിലത്തെ മൂന്നുമാസത്തെ പണം ഇതുവരെ ലഭിച്ചിട്ടില്ല.
ദുർഘടമായ മലയോര മേഖലകളിൽ നിന്നും സ്കൂളുകളിലേക്ക് കുട്ടികളെ ജീപ്പിൽ എത്തിക്കുമ്പോൾ ഡീസൽ ചെലവിനൊപ്പം വണ്ടിയുടെ അറ്റകുറ്റപണികൾക്കായും സാമാന്യം വലിയ തുക ചെലവാകുന്നുണ്ട്. പ്രതിഫലം കിട്ടാൻ മാസങ്ങൾ വൈകുമ്പോൾ ഇതെല്ലാം ഡ്രൈവർമാരുടെ കൈയിൽ നിന്നെടുത്ത് ചെലവാക്കേണ്ട അവസ്ഥയാണ്. കിട്ടാനുള്ള പ്രതിഫലത്തിനുവേണ്ടി ഓഫീസുകൾ കയറി ഇറങ്ങേണ്ടിവരുന്നതിന്റെ അലച്ചിൽ വേറെയും. ഈ വർഷം കൂടുതൽ ചെലവുചുരുക്കൽ നടപടികൾ സ്വീകരിക്കാനുള്ള പട്ടികവർഗ വകുപ്പിന്റെ നീക്കം ഡ്രൈവർമാരെ കൂടുതൽ ആശങ്കയിലാക്കുന്നുണ്ട്. പ്രതിഫലത്തിന്റെ കാര്യത്തിലെങ്കിലും ഉറപ്പ് കിട്ടുന്നില്ലെങ്കിൽ ഈ വർഷം ക്വട്ടേഷൻ നല്‍കാനില്ലെന്നും ഇവർ പറയുന്നു.