മഴക്കുരുക്കിൽ ദേശീയപാത; സമാന്തര പാതകളിൽ തിരക്കേറുന്നു
1425679
Wednesday, May 29, 2024 1:05 AM IST
കാഞ്ഞങ്ങാട്: നിർമാണപ്രവൃത്തികൾ മൂലം പലയിടങ്ങളിലും വഴിമുട്ടിയ ദേശീയപാതയിൽ മഴ തുടങ്ങി വെള്ളക്കെട്ടും ഗതാഗതക്കുരുക്കും പതിവായതോടെ സമാന്തര പാതകൾ തേടി വാഹനയാത്രക്കാർ. പലയിടങ്ങളിലും ഉൾപ്രദേശങ്ങളിൽ പോലും മെക്കാഡം ടാറിംഗ് നടത്തി വീതി കൂട്ടിയ റോഡുകളുള്ളത് യാത്രക്കാർക്ക് അനുഗ്രഹമാവുകയാണ്. കൊട്ടിയൂരിലേക്കുള്ള തീർഥാടനകാലം തുടങ്ങിയതോടെ മലയോരഹൈവേയിലും തിരക്കേറി.
ദേശീയപാതയുടെ പണി നടക്കുന്ന മാവുങ്കാലിൽ നിന്നും ഒരു കിലോമീറ്റർ അകലെയുള്ള കല്യാൺ റോഡ് ജംഗ്ഷനിൽ നിന്നും വഴിതിരിഞ്ഞ് അമ്പലത്തുകര, ആലിൻകീഴിൽ, ബങ്കളം, ചായ്യോത്ത്, അരയാക്കടവ് പാലം, കയ്യൂർ, ചീമേനി, കാങ്കോൽ, കോത്തായിമുക്ക് വഴി പയ്യന്നൂരിലേക്ക് പോകുന്ന സ്വകാര്യ വാഹനങ്ങൾ നിരവധിയാണ്. തിരിച്ചും ഇതേ വഴി പ്രയോജനപ്പെടുത്താം. ഈ വഴിയിലുള്ള റോഡുകളെല്ലാം വീതികൂട്ടി മെക്കാഡം ടാറിംഗ് നടത്തിയവയാണ്. വാഹനങ്ങളേറുമ്പോഴും ഇതുവരെ കാര്യമായ ഗതാഗതക്കുരുക്കുകൾ ഉണ്ടായിട്ടില്ല. ചായ്യോത്ത് നിന്നും കയ്യൂർ റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗം പോലുള്ള അപകടമേഖലകളുടെ കാര്യത്തിൽ ഒരല്പം ശ്രദ്ധവെച്ചാൽ മതിയാകും.
കാസർഗോഡ് നിന്നും കാഞ്ഞങ്ങാട്ടേക്ക് വരുന്ന സ്വകാര്യ വാഹനങ്ങളിലധികവും ഇപ്പോൾ ചന്ദ്രഗിരിപ്പാലം വഴിയുള്ള സംസ്ഥാനപാതയാണ് തെരഞ്ഞെടുക്കുന്നത്. കാഞ്ഞങ്ങാട് കടന്ന് പോകേണ്ടവയാണെങ്കിൽ നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻവേണ്ടി മഡിയൻ ജംഗ്ഷനിൽ നിന്ന് വെള്ളിക്കോത്ത്-മൂലക്കണ്ടം മെക്കാഡം റോഡിലൂടെ ദേശീയപാതയിലെത്തി അല്പദൂരം മുന്നോട്ടുപോയാൽ കല്യാൺ റോഡ് വഴി സമാന്തരപാതയിലേക്ക് കയറാം.
നീലേശ്വരത്തുനിന്ന് പയ്യന്നൂർ ഭാഗത്തേക്ക് കോട്ടപ്പുറം പാലം വഴിയുള്ള തീരദേശ റോഡ് തെരഞ്ഞെടുക്കുന്നവരുമുണ്ട്. പക്ഷേ ചിലയിടങ്ങളിലെങ്കിലും റോഡിന്റെ വീതിക്കുറവും പാർശ്വഭിത്തിയില്ലാത്തതും മറ്റും ഇവിടെ അപകടക്കെണിയാകുന്നുണ്ട്.
കൊട്ടിയൂരിലേക്ക് പോകുന്നവരിലധികവും ഇപ്പോൾ മലയോര ഹൈവേ തന്നെയാണ് തെരഞ്ഞെടുക്കുന്നത്. കാഞ്ഞങ്ങാട്, നീലേശ്വരം നഗരങ്ങളിൽ നിന്നും ചായ്യോത്ത് എത്തി കയ്യൂർ, ചീമേനി, പോത്താങ്കണ്ടം, പാടിച്ചാൽ, ചെറുപുഴ വഴി മലയോരഹൈവേയിലേക്ക് പ്രവേശിക്കുന്നവരാണ് അധികവും. ചീമേനിയിൽ നിന്ന് സ്വാമിമുക്ക്, മാത്തിൽ, പേരൂൽ, മാതമംഗലം വഴി പോകുന്നവരുമുണ്ട്. മാതമംഗലത്തു നന്നും ചുടല വഴി തളിപ്പറമ്പിലേക്കും എളുപ്പത്തിലെത്താം. നീലേശ്വരത്തുനിന്ന് കുന്നുംകൈ, കമ്പല്ലൂർ, ആയന്നൂർ വഴിയും ചെറുപുഴയിലെത്താമെങ്കിലും ഇടയ്ക്കുള്ള സ്ഥലങ്ങളിൽ റോഡ് നിർമാണ പ്രവൃത്തികൾ കുരുക്കായേക്കാം.
സമാന്തര പാതകളിലൂടെ പോകുമ്പോൾ അതത് വഴികളെക്കുറിച്ചുള്ള അടിസ്ഥാന ധാരണകളെങ്കിലും മനസ്സിലുണ്ടാകാതെ ഗൂഗിൾ മാപ്പിനെ മാത്രം ആശ്രയിച്ചാൽ വഴി തെറ്റിയേക്കാം. ഗൂഗിൾ മാപ്പ് ഉപയോഗിക്കുമ്പോൾ പോകുന്ന വഴികളിലെ പ്രധാന സ്ഥലങ്ങളിൽ ആഡ് സ്റ്റോപ്പ് എന്ന ഓപ്ഷൻ ഉപയോഗിക്കുന്നത് വഴിതെറ്റിപ്പോകാതിരിക്കാൻ സഹായിക്കും. ഈ ഓപ്ഷൻ കൊടുത്താൽ അതത് സ്ഥലങ്ങൾക്കിടയിലുള്ള പ്രധാന റോഡ് തന്നെയായിരിക്കും ഗൂഗിൾ മാപ്പ് കാണിച്ചുതരിക. പുറപ്പെടുന്ന സ്ഥലവും ലക്ഷ്യസ്ഥാനവും മാത്രം കാണിച്ചാൽ പലപ്പോഴും പ്രധാന സ്ഥലങ്ങൾ ഒഴിവാക്കി ഇടവഴികളിലൂടെയും തോടുകളിലൂടെയുമൊക്കെ വാഹനം തിരിച്ചുവിടാൻ വഴി കാണിക്കുന്ന അവസ്ഥയുണ്ടാകും.
ചീമേനിക്കും മാത്തിലിനുമിടയിൽ സ്വാമിമുക്കിന് ആഡ് സ്റ്റോപ്പ് കൊടുത്തില്ലെങ്കിൽ ചീമേനിയിൽ നിന്ന് നേരിട്ട് മാത്തിലിലേക്ക് പോകാവുന്ന ഒരു വീതികുറഞ്ഞ റോഡാണ് ഗൂഗിൾ മാപ്പ് കാണിച്ചുതരുന്നതെന്ന് യാത്രക്കാർ പറയുന്നു. ഇതേ പ്രശ്നം മറ്റു പല സ്ഥലങ്ങളിലുമുണ്ട്. സ്ഥലപരിചയമുള്ള ഒരാളെങ്കിലും ഒപ്പമുണ്ടെങ്കിൽ ടെൻഷനടിക്കാതെ യാത്രപോകാം.