ക്ലീൻ പനത്തടി ഓപ്പറേഷൻ: അഞ്ചാമത്തെ നായാട്ട് സംഘത്തെ പിടികൂടി
1424308
Thursday, May 23, 2024 12:44 AM IST
പനത്തടി:കാഞ്ഞങ്ങാട് റെയിഞ്ച് പനത്തടി ഫോറസ്റ്റ് സെക്ഷന്റെ ക്ലീൻ പനത്തടി ഓപ്പറേഷൻ പരമ്പരകളുടെ ഭാഗമായി അഞ്ചാമത്തെ നായാട്ട് സംഘത്തെയും പനത്തടി റിസർവ് വനത്തിൽ നിന്നും പിടികൂടി. കോളിച്ചാൽ സ്വദേശി നാരായണൻ, കർണാടക കരിക്കെ സ്വദേശികളായ നിഷാന്ത്, മഹേഷ് എന്നിവരാണ് പിടിയിലായത്. രണ്ടു തോക്കുകളും ആറു വെടിയുണ്ടകളും രണ്ടു ടൂവീലർ വാഹനങ്ങളും ഇവരിൽ നിന്നു പിടിച്ചെടുത്തിട്ടുണ്ട്. ഉന്നതർക്ക് ഇതിൽ പങ്കുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബി.ശേഷപ്പയുടെ നേതൃത്വത്തിൽ പനത്തടി റിസർവ് വനത്തിൽ ബുധനാഴ്ച നടന്ന പ്രത്യേക പരിശോധനയ്ക്കിടയിലാണ് നായാട്ട് സംഘത്തെ പിടികൂടിയത്. ജില്ലയിൽ പുതിയതായി നിയമിച്ച 45 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരെ ഉൾപ്പെടുത്തി പട്രോളിംഗ് ശക്തിപ്പെടുത്തിയിരുന്നു.
പനത്തടി സെക്ഷൻ ബിറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എം.പി.അഭിജിത്, വി.വിനീത്, മഞ്ജുഷ, വിമൽരാജ്. വാച്ചർമാരായ ശരത്, സെൽജോ, രതീഷ് എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്. വരുംദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ ശ്രീജിത്ത് അറിയിച്ചു.