കള്ളക്കടല്‍ പ്രതിഭാസം: നെല്ലിക്കുന്ന് കടപ്പുറത്ത് മത്സ്യബന്ധന ബോട്ട് കരക്കടിഞ്ഞു
1423169
Saturday, May 18, 2024 12:45 AM IST
കാസര്‍ഗോഡ്: കള്ളക്കടല്‍ പ്രതിഭാസത്തെ തുടര്‍ന്ന് നെല്ലിക്കുന്ന് കടപ്പുറം ലൈറ്റ് ഹൗസ് ഭാഗത്ത് ഒരു മത്സ്യബന്ധന ബോട്ട് കരയ്ക്കടിഞ്ഞു. ആറു തൊഴിലാളികളാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ബോട്ടില്‍ നിറയെ മത്സ്യവുമുണ്ടായിരുന്നു. വിവരമറിഞ്ഞ് കോസ്റ്റല്‍ പോലീസ് സ്ഥലത്തെത്തി. നിരവധിയാളുകൾ സ്ഥലത്ത് തടിച്ചുകൂടി.
വ്യാഴാഴ്ച രാത്രി 9.20 ഓടെയാണ് സംഭവം. പിന്നീട് നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് മറ്റൊരു ബോട്ട് വിളിച്ചുവരുത്തി കയര്‍ കെട്ടി വലിച്ച് ബോട്ടിനെ കടലിലേക്ക് ഇറക്കാനുള്ള ശ്രമം തുടങ്ങി.
മൂന്നു ബോട്ടുകളില്‍ കയര്‍ കെട്ടി വലിക്കുകയും നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് തള്ളുകയും ചെയ്തപ്പോള്‍ ബോട്ട് കടലിലേക്ക് ഇറങ്ങുകയും ചെയ്തു. സാധാരണ നീലേശ്വരം തീരത്താണ് ബോട്ട് അടുപ്പിക്കാറുള്ളത്.