ആദിക്കിന്റെ ഓര്‍മയ്ക്കായി മാര്‍ത്തോമ്മ ബധിരവിദ്യാലയത്തില്‍ പാര്‍ക്ക് ഒരുങ്ങി
1396755
Saturday, March 2, 2024 1:50 AM IST
കാസര്‍ഗോഡ്: ചെര്‍ക്കള മാര്‍ത്തോമ്മ ബധിരവിദ്യാലയത്തില്‍ പുതിയതായി നിര്‍മിച്ച പാര്‍ക്ക് കുട്ടികള്‍ക്കായി തുറന്നുകൊടുത്തു. 5.5 ലക്ഷത്തോളം രൂപ മുടക്കിയാണ് പാര്‍ക്ക് യാഥാര്‍ഥ്യമാക്കിയത്. ആലുവയിലെ എബിയും ഭാര്യ ലീനയും ചേര്‍ന്ന് തങ്ങളുടെ ഏക മകന്റെ ഓര്‍മയ്ക്കായി പാര്‍ക്ക് നിര്‍മിക്കാന്‍ മൂന്നു ലക്ഷം രൂപ സംഭാവനയായി നല്‍കിയിരുന്നു.
15 വര്‍ഷക്കാലം മക്കളില്ലാതെ വിഷമിച്ച അവര്‍ക്ക് ഉണ്ടായ മകനാണ് ആദിക്. 13 വയസുള്ളപ്പോള്‍ മകന് ആദിക് കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണാണ് മരണപ്പെട്ടത്. അവരുടെ മകന്റെ ഓര്മ നിലനിര്‍ത്തുവാനാണ് പാര്ക്കിന് ആദിക് പാരഡൈസ് എന്ന് പേര് നല്‍കിയത്. ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ ബദരിയ, മെംബര്‍ ഹസൈനാര്‍ ബദരിയ എന്നിവര്‍ പ്രത്യേക താത്പര്യമെടുത്ത് മൂന്നു ലക്ഷത്തോളം വിലവരുന്ന എട്ടു റൈഡുകള്‍ പാര്‍ക്കിലേക്ക് നല്‍കും. പാര്‍ക്ക് പൂര്‍ണതയില്‍ എത്തുമ്പോള്‍ 8.5 ലക്ഷം തുക ചെലവ് വരും.
മാര്‍ത്തോമ്മ സ്കൂള്‍ മാനേജര്‍ ഡോ. മാത്യൂസ് മാര്‍ മക്കാറിയോസ് എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. എംഎല്‍എമാരായ എന്‍.എ. നെല്ലിക്കുന്ന്, സി.എച്ച്. കുഞ്ഞമ്പു എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. സ്കൂള്‍ അഡ്മിസ്ട്രേറ്റര്‍ ഫാ. മാത്യു ബേബി അധ്യക്ഷത വഹിച്ചു. കുന്നംകുളം -മലബര്‍ ഭദ്രസന സെക്രട്ടറി ഫാ. സജു ബി. ജോണ്‍, ബദിയടുക്ക കോളജ് ഡയറക്ടര്‍ ഫാ. മാത്യു സാമുവല്‍, ചെര്‍ക്കള മാര്‍ത്തോമ്മ കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോര്‍ജ് വര്‍ഗീസ്, പിടിഎ പ്രസിഡന്റ് ആര്. ഭാസ്കരന്, സിബി സി. കുഞ്ഞപ്പന് എന്നിവര്‍ പ്രസംഗിച്ചു. മുഖ്യാധ്യാപിക ജോസ്മി ജോഷ്വ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.ടി. ജോഷിമോന് നന്ദിയും പറഞ്ഞു.