കാഞ്ഞങ്ങാട് പുതിയ ബസ് സ്റ്റാൻഡ്: കടമുറികൾക്ക് റിക്കാർഡ് ലേലത്തുക
1395441
Sunday, February 25, 2024 7:17 AM IST
കാഞ്ഞങ്ങാട്: നിക്ഷേപത്തുകയും പ്രതിമാസ വാടകയും കൂടിപ്പോയെന്നും തിരക്കുകുറഞ്ഞ സ്ഥലമായതുകൊണ്ട് കച്ചവട സാധ്യത കുറവാണെന്നും പറഞ്ഞ് അഞ്ചുവർഷത്തോളമായി ആരും ലേലത്തിനെടുക്കാതിരുന്ന കാഞ്ഞങ്ങാട് ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡിലെ കടമുറികൾ ഒടുവിൽ ലേലത്തിൽ പോയത് റിക്കാർഡ് തുകയ്ക്ക്.
തുടക്കത്തിൽ 15 ലക്ഷം രൂപ സ്ഥിരനിക്ഷേപവും 15000 രൂപ പ്രതിമാസ വാടകയുമായിരുന്നു കടമുറികൾക്ക് നിശ്ചയിച്ചിരുന്നത്. ആരും ലേലത്തിനെടുക്കാതിരുന്നതോടെ മൂന്നുവർഷം മുമ്പ് ഏഴര ലക്ഷം രൂപ സ്ഥിരനിക്ഷേപവും 7000 രൂപ വാടകയും മതിയെന്നായി. എന്നിട്ടും ലേലം വിളിക്കാൻ പോലും ആരുമെത്താതായതോടെ ഹഡ്കോയിൽ നിന്ന് ഭീമമായ തുക വായ്പയെടുത്ത് നിർമിച്ച കെട്ടിടം വർഷങ്ങളായി ഒഴിഞ്ഞുകിടക്കുന്നത് നഗരസഭയ്ക്ക് കനത്ത സാമ്പത്തിക നഷ്ടമാകുമെന്ന വസ്തുത ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാരിന്റെ പ്രത്യേക അനുമതി വാങ്ങി നിക്ഷേപത്തുകയും വാടകയും കുത്തനെ കുറയ്ക്കുകയായിരുന്നു.
നിക്ഷേപത്തുക കേവലം ഒരു ലക്ഷം രൂപയായി നിശ്ചയിച്ചാണ് കഴിഞ്ഞ ദിവസം വീണ്ടും ലേലം നടത്തിയത്. എന്നാൽ ആവശ്യക്കാർ കൂട്ടത്തോടെയെത്തി മത്സരിച്ച് ലേലം വിളിച്ചപ്പോൾ അത് ഒരു മുറിക്ക് 25.26 ലക്ഷം രൂപ വരെയായി ഉയർന്നു. മറ്റു മുറികളും 18.5 ലക്ഷത്തിനും 13 ലക്ഷത്തിനുമൊക്കെയാണ് ലേലത്തിൽ പോയത്.
മൂന്നു ദിവസം കൊണ്ട് 60 മുറികൾ ലേലം ചെയ്തപ്പോൾ സ്ഥിരനിക്ഷേപ ഇനത്തിൽ മാത്രം മൂന്നരക്കോടിയോളം രൂപയാണ് നഗരസഭയ്ക്ക് ലഭിച്ചത്.
ഏഴ് ഹാളുകളുൾപ്പെടെ 28 മുറികൾ ഇനിയും ലേലം ചെയ്യാനുണ്ട്. രണ്ടുദിവസത്തിനകം ഇവ കൂടി ലേലം ചെയ്തു കഴിയുമ്പോൾ നിക്ഷേപത്തുക മാത്രമായി ആറുകോടി രൂപയെങ്കിലും ലഭിക്കുമെന്നാണ് നഗരസഭയുടെ കണക്കുകൂട്ടൽ.
അടുത്തകാലം വരെ ഏഴുലക്ഷം രൂപ സ്ഥിരനിക്ഷേപത്തിനു പോലും ആരും എടുക്കാതിരുന്ന മുറികൾക്ക് 25 ലക്ഷം രൂപ വരെ ലഭിക്കാൻ മാത്രം എന്ത് മറിമായമാണ് ആലാമിപ്പള്ളി ബസ് സ്റ്റാൻഡിൽ സംഭവിച്ചതെന്ന് വ്യക്തമല്ല. ഉദ്ഘാടനം കഴിഞ്ഞ് അഞ്ചുവർഷമായിട്ടും ആലാമിപ്പള്ളി ബസ് സ്റ്റാൻഡിൽ ബസുകളൊന്നും കാര്യമായി കയറാത്തതും കടമുറികളൊന്നും ലേലത്തിൽ പോകാതിരുന്നതും നഗരകേന്ദ്രം അങ്ങോട്ടു മാറുന്നതിൽ പലർക്കുമുണ്ടായിരുന്ന താത്പര്യക്കുറവ് മൂലമാണെന്ന് വ്യക്തമായിരുന്നു.
നഗരസിരാകേന്ദ്രമായ കോട്ടച്ചേരിയും നോർത്ത് കോട്ടച്ചേരിയും കേന്ദ്രീകരിച്ചുള്ള ശക്തമായ ഒരു വിഭാഗത്തിന്റെ വാണിജ്യ താത്പര്യങ്ങളും അതിനു പിന്നിലുണ്ടായിരുന്നു. ഇപ്പോൾ ഇതെല്ലാം പെട്ടെന്ന് മാറിയതിനു പിന്നിൽ ശക്തമായ ചില രാഷ്ട്രീയ ഇടപെടലുകളുണ്ടെന്നാണ് സൂചന.
അഞ്ചു കോടിയിലേറെ രൂപ ഹഡ്കോയില്‍ നിന്നും വായ്പയെടുത്താണ് ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. അതിനാൽ ഓരോ മൂന്നുമാസം കൂടുമ്പോഴും 20 ലക്ഷം രൂപയാണ് നഗരസഭ പലിശയിനത്തില്‍ അടയ്ക്കേണ്ടിവരുന്നത്. ഇവിടെ നിന്നും വരുമാനമില്ലാത്തതിനാൽ തനതുഫണ്ടില്‍ നിന്നും വകമാറ്റിയാണ് നഗരസഭ വായ്പ തിരിച്ചടവ് നടത്തിക്കൊണ്ടിരിക്കുന്നത്.