ഹരിതകർമ സേനാംഗങ്ങളെ വഴിയിൽ തടഞ്ഞതിന് യുവജനനേതാവിനെതിരേ കേസ്
1395437
Sunday, February 25, 2024 7:17 AM IST
രാജപുരം: പനത്തടി പഞ്ചായത്തിലെ ഹരിതകർമ സേനാംഗങ്ങളെ വഴിയിൽ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് യുവജനനേതാവിനെതിരെ കേസെടുത്തു. ആർഎസ്പി യുവജനവിഭാഗം നേതാവും ഊരുമൂപ്പനും സാമൂഹിക പ്രവർത്തകനുമായ എ.എസ്. ശ്രീകാന്തിനെതിരെയാണ് രാജപുരം പോലീസ് കേസെടുത്തത്.
പനത്തടി പഞ്ചായത്തിൽനിന്നും ഹരിതകർമസേന പിരിച്ചെടുക്കുന്ന യൂസർ ഫീയുടെ കണക്കുകൾ പഞ്ചായത്ത് ബജറ്റിൽ പോലും കാണിക്കുന്നില്ലെന്നും സർക്കാർ ഉത്തരവിന് വിരുദ്ധമായി എഎവൈ കാർഡുള്ള കുടുംബങ്ങളിൽ നിന്നുപോലും യൂസർ ഫീ പിരിച്ചെടുക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് ശ്രീകാന്ത് പ്രതിഷേധിച്ചത്.
പതിമൂന്നാം വാർഡിലെ ഹരിതകർമ സേനാംഗങ്ങൾ മാലിന്യം ശേഖരിച്ച് കൊണ്ടുപോവുകയായിരുന്ന വാഹനം നാല് മണിക്കൂറോളം വഴിയിൽ തടഞ്ഞിട്ടായിരുന്നു പ്രതിഷേധം. പിന്നീട് പഞ്ചായത്ത് അധികൃതരും രാജപുരം പോലിസും സ്ഥലത്തെത്തിയാണ് വാഹനം മോചിപ്പിച്ചത്.