സിപിഎം കാസര്‍ഗോഡ് ജില്ലാ മുന്‍ സെക്രട്ടറി എ.കെ. നാരായണന് അന്തരിച്ചു
1377647
Monday, December 11, 2023 10:56 PM IST
കാഞ്ഞങ്ങാട്: സിപിഎം കാസര്‍ഗോഡ് ജില്ലാ മുന്‍ സെക്രട്ടറിയും മുതിര്‍ന്ന തൊഴിലാളി നേതാവുമായ കാഞ്ഞങ്ങാട് അതിയാമ്പൂരിലെ എ.കെ. നാരായണന് (85) അന്തരിച്ചു. സിഐടിയു മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും കണ്‍സ്യൂമര്‍ഫെഡ് മുന്‍ ചെയര്‍മാനുമായിരുന്നു. സിപിഎം സംസ്ഥാന കമ്മിറ്റിയിലും ദീര്‍ഘകാലം അംഗമായിരുന്നു.
1939 ല്‍ നീലേശ്വരം പാലായിലായിയില് അമ്പുവും മാണിക്കം അമ്മയുടെയും മകനായാണ് ജനനം. പാലായി എഎല്‍പി സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ചെറുപ്രായത്തില്‍ തന്നെ ബീഡി തെറുപ്പ് തൊഴിലാളിയായി. ബീഡിത്തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ടാണ് ട്രേഡ് യൂണിയന് പ്രവര്‍ത്തനം ആരംഭിച്ചത്.
കേരളാ ദിനേശ്ബീഡി കേന്ദ്ര സംഘം ഡയറക്ടര്‍ എന്ന നിലയിലും ഹൊസ്ദുര്‍ഗ് ദിനേശ്ബീഡി സംഘം പ്രസിഡന്റ് എന്ന നിലയിലും ദിനേശ് ബീഡിയുടെ വളര്‍ച്ചയിലും നിര്‍ണായക പങ്കുവഹിച്ചു. ബീഡി തൊഴിലാളി സംഘടനകളുടെ അഖിലേന്ത്യാ സംസ്ഥാന ഫെഡറേഷനിലും ഭാരവാഹിയായിരുന്നു.
ഭാര്യ: ഇന്ദിര (ദിനേശ് ബീഡി സഹകരണസംഘം റിട്ട.ജീവനക്കാരി). മക്കള്‍: ലൈല (ഉദുമ ഗവ.നഴ്സിംഗ് കോളജ് ഹോസ്റ്റല്‍ വാര്ഡന്), അനിത (മാനേജര്‍, കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്ക്), ആശ (ക്ലാര്‍ക്ക്, കേരള ബാങ്ക് മാവുങ്കാല്‍ ശാഖ), സീമ (ഹാന്‍ടെക്സ് ഷോറൂം, കാഞ്ഞങ്ങാട്).
മരുമക്കള്‍: കെ.നാരായണന്, അഡ്വ.ജി.യദുനാഥ് (കോഴിക്കോട് ജില്ലാ ഉപഭോക്തൃഫോറം മുന്‍ പ്രസിഡന്റ്), ജെ. ജൈനേന്ദ്രന്‍ (ഷാര്‍ജ), കെ. അശോകന്. സിപിഎം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി ഓഫീസ്, അതിയാമ്പൂര് ബാലബോധിനി വായനശാല എന്നിവിടങ്ങളില്‍ പൊതുദര്‍ശനത്തിനു ശേഷം മൃതദേഹം വൈകുന്നേരം മേലാങ്കോട്ട് പൊതുശ്മശാനത്തില്‍ സംസ്കാരം നടത്തി.