മുന്നൊരുക്കങ്ങൾ അവസാനഘട്ടത്തിൽ
1377183
Sunday, December 10, 2023 1:25 AM IST
ബേക്കൽ: ഈ മാസം 22 മുതൽ 31 വരെ നടക്കുന്ന ബേക്കല്‍ ഇന്റര്‍നാഷണല്‍ ബീച്ച് ഫെസ്റ്റിന്റെ മുന്നൊരുക്കങ്ങൾ അവസാനഘട്ടത്തിൽ. കഴിഞ്ഞ വർഷം മികച്ച ജനപങ്കാളിത്തമുണ്ടായ സാഹചര്യം പരിഗണിച്ച് ഈ വർഷം തിക്കും തിരക്കും ഒഴിവാക്കാൻ ആവശ്യമായ മുൻകരുതലുകൾ എടുക്കുമെന്ന് സംഘാടക സമിതി ചെയര്മാന് സി.എച്ച്. കുഞ്ഞമ്പു എംഎല്‍എ പറഞ്ഞു. ബീച്ചിലേക്ക് പ്രവേശിക്കാൻ 25 ഗേറ്റുകളും പുറത്തേക്ക് പോകാൻ അഞ്ച് വഴികളും ഒരുക്കും.
രണ്ടു വേദികളിലായാണ് കലാപരിപാടികൾ സംഘടിപ്പിക്കുന്നത്. പ്രധാന വേദിയിൽ ആദ്യദിനമായ 22ന് തൈക്കുടം ബ്രിഡ്ജ് നയിക്കുന്ന മ്യൂസിക് ഷോ, 23ന് ശിവമണി ശരത്, രാജേഷ് ചേർത്തല, പ്രകാശ് ഉള്ളിയേരി എന്നിവർ നയിക്കുന്ന ഫ്യൂഷൻ, 24ന് കെ.എസ്. ചിത്രയുടെ നേതൃത്വത്തിലുള്ള സംഗീതവിരുന്ന്, 25ന് എം.ജി. ശ്രീകുമാറും സംഘവും നയിക്കുന്ന മ്യൂസിക് ഷോ, 26ന് ശോഭനയുടെ നൃത്തപരിപാടി, 27ന് പഴയ പാട്ടുകൾ കോർത്തിണക്കി പത്മകുമാറും സംഘവും അവതരിപ്പിക്കുന്ന സംഗീത രാവ്, 28ന് അതുൽ നറുകരയുടെ സോൾ ഓഫ് ഫോക്ക്, 29ന് കണ്ണൂർ ഷെരീഫും സംഘവും അവതരിപ്പിക്കുന്ന സംഗീതപരിപാടി, 29ന് ഗൗരിലക്ഷ്മി നയിക്കുന്ന പരിപാടി, സമാപന ദിവസമായ 31ന് റാസാ, ബീഗം എന്നിവർ നയിക്കുന്ന ഗസൽ എന്നിവ അരങ്ങേറും.
റെഡ് മൂൺ ബീച്ചിൽ ഒരുക്കുന്ന രണ്ടാം വേദിയിൽ കുടുംബശ്രീ പ്രവർത്തകരുടെയും ഗ്രാമീണ കലാസമിതികളുടെയും പരിപാടികളാണ് അരങ്ങേറുക. 30 ഗ്രാമീണ കലാസമിതികളുടെ വകയായി 52 കലാപരിപാടികളാണ് അവതരിപ്പിക്കുന്നത്.
ഫെസ്റ്റിലേക്കുള്ള ടിക്കറ്റുകളുടെ വില്പന കുടുംബശ്രീ അയൽക്കൂട്ടങ്ങൾ മുഖേന ആരംഭിച്ചു. മുതിർന്നവർക്ക് 100 രൂപയും കുട്ടികൾക്ക് 25 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഇതിനകം 10000 ടിക്കറ്റുകൾ വിറ്റുതീർന്നു. കൗണ്ടറുകൾ മുഖേന പ്രതിദിനം 25000 മുതൽ 50,000 വരെ ടിക്കറ്റുകൾ വില്പനയ്ക്കായി ഒരുക്കും. കുടുംബശ്രീ മുഖേന വില്‍ക്കുന്ന ടിക്കറ്റുകളുടെ നറുക്കെടുപ്പിലൂടെ ഒരു ഭാഗ്യശാലിക്ക് കാർ സമ്മാനമായി ലഭിക്കും. നറുക്കെടുപ്പ് 31ന് സമാപന സമ്മേളന വേദിയിൽ നടക്കും.
ഫെസ്റ്റിന്റെ ഭാഗമായി 23 മുതൽ 31 വരെ വൈകുന്നേരം അഞ്ചിന് സാംസ്കാരിക സദസ് ഒരുക്കും. ബീച്ച് ഫെസ്റ്റിവലിനായി എത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ആറേക്കർ സ്ഥലം സജ്ജമാക്കും. കാറിന് 50 രൂപയും ബൈക്കിന് 20 രൂപയും ബസിന് 100 രൂപയുമായിരിക്കും പാർക്കിംഗ് ഫീസ്.
പള്ളിക്കര ബീച്ചിൽ ചേർന്ന സാടകസമിതി യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. മണികണ്ഠൻ, പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം. കുമാരന്, ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ് എം. ധന്യ, പള്ളിക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസ്നിന് വഹാബ്, ബിആർഡിസി മാനേജിംഗ് ഡയറക്ടർ പി. ഷിജിൻ, ബേക്കൽ ഡിവൈഎസ്പി സി.കെ. സുനിൽകുമാർ, കെ.വി. കുഞ്ഞിരാമൻ, മധു മുതിയക്കാൽ, ഹക്കീം കുന്നിൽ, എം.എ. ലത്തീഫ്, കെ.ഇ.എ. ബക്കർ എന്നിവർ പങ്കെടുത്തു.