ഡോ. പരകാല പ്രഭാകർ നാളെ കാഞ്ഞങ്ങാട്ട്
1377174
Sunday, December 10, 2023 1:25 AM IST
കാഞ്ഞങ്ങാട്: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ ഭർത്താവും സാമ്പത്തിക വിദഗ്ധനും രാഷ്ട്രീയ നിരീക്ഷകനും മോദി സർക്കാരിന്റെ നിശിത വിമർശകനുമായ ഡോ. പരകാല പ്രഭാകർ നാളെ വൈകുന്നേരം നാലിന് കാഞ്ഞങ്ങാട്ട് പ്രഭാഷണം നടത്തും. മതേതര ജനാധിപത്യ ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ എന്നതാണ് വിഷയം.
കോൺഗ്രസ് നേതാക്കൾ മുഖ്യ ഭാരവാഹികളായ കാഞ്ഞങ്ങാട് സെക്യുലർ ഫോറം എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ ബിഗ് മാളിലെ പാലക്കി സെന്ററിലാണ് പരിപാടി. ഡോ. പ്രഭാകർ എഴുതിയ ദ ക്രൂക്കഡ് ടിമ്പർ ഓഫ് ന്യൂ ഇന്ത്യ എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷയുടെ പ്രകാശനം ഇ. ചന്ദ്രശേഖരൻ എംഎൽഎ നിർവഹിക്കും.
തുടർന്ന് സംവാദവും നടക്കും. നഗരസഭാധ്യക്ഷ കെ.വി. സുജാത, സെക്യൂലർ ഫോറം ഭാരവാഹികളായ ടി.കെ. സുധാകരൻ, ടി.വി. രാജേന്ദ്രൻ, പി.കെ. ചന്ദ്രശേഖരൻ, അജയകുമാർ കോടോത്ത് തുടങ്ങിയവർ സംബന്ധിക്കും.