സൗജന്യ പിഎസ്സി പരീക്ഷാ പരിശീലനത്തിന് മികച്ച പ്രതികരണം
1376746
Friday, December 8, 2023 2:20 AM IST
കാസര്‍ഗോഡ്: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന സൗജന്യ പിഎസ്സി പരിശീലന ക്ലാസുകൾക്ക് മികച്ച പ്രതികരണം. മുന്നോട്ട് എന്നു പേരിട്ട പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ആറ് ബ്ലോക്കുകളിലും രണ്ടു മാസമായി സൗജന്യ ക്ലാസുകള്‍ നല്‍കുന്നുണ്ട്. എല്ലാ ഞായറാഴ്ചകളിലും രണ്ട് സെഷനുകളിലായാണ് ക്ലാസുകൾ നടത്തുന്നത്.
പിഎസ്സി പരീക്ഷകളില്‍ ഉള്‍പ്പെടുത്തുന്ന ഇംഗ്ലീഷ്, കണക്ക്, ഹിസ്റ്ററി, ജ്യോഗ്രഫി, സയന്‍സ്, ഇക്കണോമിക്സ് തുടങ്ങിയ വിഷയങ്ങളിലാണ് ക്ലാസുകള്‍ നൽകുന്നത്. എല്ലാ മാസത്തിലെയും അവസാന ഞായറാഴ്ചകളില്‍ പിഎസ്സി മോഡല്‍ പരീക്ഷകളും സംഘടിപ്പിക്കുന്നുണ്ട്. വരുംവർഷങ്ങളിൽ തന്നെ ജില്ലയില്‍ നിന്നും കൂടുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വാര്‍ത്തെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ആറ് ബ്ലോക്കുകളിലുമായി അഞ്ഞൂറിലധികം ഉദ്യോഗാര്‍ഥികളാണ് നിലവിൽ പേര് രജിസ്റ്റര്‍ ചെയ്ത് ക്ലാസുകളിൽ പങ്കെടുക്കുന്നത്. സൗജന്യ ക്ലാസ്സുകളില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അതത് ബ്ലോക്കിലെ മുന്നോട്ട് സെന്ററുകളില്‍ നേരിട്ട് ചെന്ന് പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അജിത് ജോണ്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9207155700.